സ്വർണവില മൂക്കും കുത്തി വീഴുമോ? പവന് 45000ത്തിലേക്ക്; അല്ലെങ്കില്‍ 1 ലക്ഷം: 2 സാധ്യതകള്‍
ട്രംപ് അഴിച്ചുവിട്ട താരിഫ് യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായു കേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡിലേക്ക് എത്തുകയും ചെയ്തി. ഇന്ന പവന് 200 രൂപ വർധിച്ചതോടെ സ്വർണ വില പവന് 70160 രൂപയിലേക്ക് എത്തി. കേരളത്തില്‍ ആദ്യമായാണ് പവന്റെ വില 70000 കടക്കുന്നത്.
വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമായിരുന്നു കൂടിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ മാത്രം കേരളത്തില്‍ പവന്റെ വിലയിലുണ്ടായത് 4360 രൂപയുടെ വർധനവാണ്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. ഫലത്തില്‍ ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലിയും ജി എസ് ടിയും അടക്കം ഏറ്റവും കുറഞ്ഞത് 77000 മുതല്‍ 80000 രൂപവരെ നല്‍കേണ്ടി വരും.

ഡൊണാള്‍ഡ് ട്രംപ് വലിയ രീതിയിലുള്ള താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഓഹരിവിപണികള്‍ തകർന്നടിയുകയും സാമ്പത്തിക മേഖല വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു. സാമ്പത്തിക രംഗം അനിശ്ചിതത്വത്തിലേക്ക് പോകുമ്പോള്‍ നിക്ഷേപകർ സ്വാഭാവികമായും സ്വർണത്തിലേക്ക് തിരിയും. ഇതുവഴി സ്വർണ്ണത്തിന്റെ ഡിമാന്‍ഡും വിലയും ഉയർന്ന് കൊണ്ടിരിക്കുന്ന പതിവ് സാഹചര്യത്തിലൂടേയാണ് നാം ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വർണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നതും ഡിമാന്‍ഡ് വർധിപ്പിക്കുന്നു.
സ്വർണ വില ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുമോ അതോ ഭാവിയില്‍ തകർന്ന് വീഴുമോ എന്ന കാര്യത്തില്‍ വിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഈ വർഷം സ്വർണ്ണ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലെത്തുമെന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നു. അതേസമയം മറ്റുചിലർ പറയുന്നതാകട്ടെ സ്വർണ വില സമീപകാലത്ത് 38 മുതല്‍ 40% വരെ കുറയുമെന്നാണ്.
ട്രംപിന്റെ താരിഫ് പ്ലാനുകളുടെ സ്വാധീനത്താൽ കലങ്ങിമറിഞ്ഞ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വവും കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണ്ണ വില ഉയരാൻ പ്രധാന കാരണമെന്നാണ് സ്പ്രോട്ട് അസറ്റ് മാനേജ്‌മെന്റിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ റയാൻ മക്കിന്റയറിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കന്‍ ഫെഡറൽ റിസർവ് ഈ വർഷം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കണക്കിലെടുക്കുമ്പോൾ, 2025 ആകുമ്പോഴേക്കും സ്വർണ്ണം ഒരു ലക്ഷം രൂപയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാമ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ കോളിൻ ഷാ ദി ഹിന്ദു ബിസിനസ്‌ലൈനിനോടും പറഞ്ഞു. കൂടാതെ, സുരക്ഷിതമായ ഒരു ആസ്തി എന്ന നിലയിൽ, സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടങ്ങളിൽ സ്വർണ്ണത്തിന് ആവശ്യകതയും ഫണ്ടിന്റെ ഒഴുക്കും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണ വിലയ്ക്ക് പരിധി ഇല്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അത് ട്രോയ് ഔൺസിന് 4000-4500 ഡോളർ വരെ എളുപ്പത്തിൽ എത്തിയേക്കാമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ ഡയറക്ടറും കമ്മോഡിറ്റീസ് മേധാവിയുമായ കിഷോർ നർനെയും ചൂണ്ടിക്കാട്ടുന്നു. ഈ വിദഗ്ധരുടേയെല്ലാം അഭിപ്രായത്തില്‍ സ്വർണ വില ഈ വർഷം തന്നെ 10 ഗ്രാമിന് 1 ലക്ഷം തൊടുമെന്നാണ്.
എന്നാല്‍ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ മോർണിംഗ്സ്റ്റാറിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് പ്രവചിക്കുന്നത് സ്വർണ്ണ വില ഔൺസിന് 1820 ഡോളറായി കുറയുമെന്നാണ്. അതായത് നിലവില്‍ നിരക്കില്‍ നിന്നും 38-40 ശതമാനം വരെ വിലകുറയും. അത്തരമൊരു കുറവ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന് 42000-45000 രൂപയ്ക്ക് ലഭ്യമാകും.












Click it and Unblock the Notifications