സ്വർണവില പവന് 80000 ത്തിലേക്ക് എത്തുമോ? എല്ലാം 5 ദിവസത്തിനകം അറിയാം; വിദഗ്ധർ പറയുന്നത് ഇങ്ങനെ
ഡല്‍ഹി: ഫെബ്രുവരി ഒന്നാം തിയതി നിർമ്മല സീതാരാമന്‍ മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്തൊക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നതിനോടൊപ്പം തന്നെ ഏവരും ആകാംക്ഷ പൂർവ്വം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുമോയെന്നാണ്. കഴിഞ്ഞ ബജറ്റില്‍ എടുത്ത തീരുമാനം കേന്ദ്ര സർക്കാർ ഇത്തവണ തിരുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയ്ക്കാനായിരുന്നു കഴിഞ്ഞ തവണ തീരുമാനിച്ചത്. ഇതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതി വലിയ തോതില്‍ കൂടുകയും രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതിന് കേന്ദ്രം ആലോചിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കാന്‍ സർക്കാർ തീരുമാനിക്കുകയാണെങ്കില്‍ വില വലിയ തോതില്‍ വർധിക്കുമെന്നാണ് ഇന്ത്യയുടെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ സാമ്പത്തിക കാര്യ സെക്രട്ടറി, ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നിവരുൾപ്പെടെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് അദ്ദേഹം.
'ഇന്ത്യയുടെ സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത് അതിന്റെ ഉയർന്ന ഡിമാന്‍ഡാണ്. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആശ്യമുള്ള സ്വർണ്ണത്തിന്റെ വലിയ അളവും ഇറക്കുമതി ചെയ്യുകയാണ്. അതോടൊപ്പം തൽഫലമായി, ഇന്ത്യയിലെ സ്വർണ്ണ വിലയെ മൂന്ന് പ്രധാന ഘടകങ്ങളാണ് നിർണ്ണയിക്കുന്നത്. ഡോളറിലെ ആഗോള സ്വർണ്ണ വില, സർക്കാർ ചുമത്തുന്ന കസ്റ്റംസ് തീരുവ, ജ്വല്ലറികളും മറ്റ് ഇടനിലക്കാരും ചേർക്കുന്ന ലാഭം എന്നിവയാണ് ആ മൂന്ന് ഘടകങ്ങള്‍' സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കുന്നു.
2024 ജുലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ സർക്കാർ സ്വർണ്ണത്തിൻ്റെ മൊത്തം കസ്റ്റംസ് തീരുവ 15% ൽ നിന്ന് 6% ആയി കുറച്ചു. 2025 ലെ ബജറ്റിൽ സർക്കാർ സ്വർണ്ണത്തിൻ്റെ കസ്റ്റംസ് തീരുവ 10%, 15%, അല്ലെങ്കിൽ 14% ആയി ഉയർത്തിയാൽ വ്യവസമായ മേഖല ഈ അധിക ചെലവ് ഉടനടി തന്നെ വില്‍പ്പന വിലയിലേക്കും കൈമാറും. ഇത് രാജ്യത്തെ സ്വർണ്ണ വില ഉയരാൻ ഇടയാക്കും. തീരുവയോടൊപ്പം തന്നെ അന്താരാഷ്‌ട്ര വിപണിയിലെ വിലയുമാണ് സ്വർണ്ണ വിലയെ പ്രധാനമായും നയിക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ സർക്കാർ സ്വർണ്ണത്തിൻ്റെ കസ്റ്റം ഡ്യൂട്ടി 6% ൽ നിന്ന് 15% ആയി വർദ്ധിപ്പിക്കുകയാണെങ്കിൽ, ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്വർണ്ണ വില 10 ഗ്രാമിന് 1 ലക്ഷം രൂപ വരെ ഉയർന്നേക്കാം. ഡ്യൂട്ടി മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, സ്വർണ്ണ വില ഈ നിലയിലേക്ക് എത്താന്‍ ഏകദേശം ആറ് മാസം മുതൽ ഒരു വർഷം വരെ എടുത്തേക്കാമെന്നും അദ്ദേഹം പറയുന്നു.
അതായത് 10 ഗ്രാമിന് ഒരു ലക്ഷം രൂപയാണ് വിലയെങ്കില്‍ ഗ്രാം നിരക്ക് ഏകദേശം 10000 രൂപയോളമായിരിക്കും. അതായത് പവന് 80000 വരെയായേക്കും. അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച ഒരു പവന് സ്വർണത്തിന്റെ നിരക്ക് 60,320 രൂപയായി. 120 രൂപ കുറഞ്ഞതോടെയാണ് ഈ നിരക്കിലേക്ക് എത്തിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,758.24 ഡോളറിലുമെത്തി.












Click it and Unblock the Notifications