സ്വർണവിലയുടെ ഒരു പോക്കേ...: എട്ട് മാസങ്ങളില്‍ മാത്രം 39000 വർധനവ്; വെള്ളിയും ഒട്ടും മോശമാക്കിയില്ല
2025 ന്റെ ആദ്യ എട്ട് മാസങ്ങളില്‍ ഇന്ത്യയില്‍ സ്വർണവിലയില്‍ ഉണ്ടായത് 39 ശതമാനത്തിന്റെ വർധനവ്. അതായത് 2025 ന്റെ തുടക്കത്തില്‍ 100000 ലക്ഷത്തിന് വാങ്ങിയ സ്വർണത്തിന്റെ ഇപ്പോള്‍ ഏറ്റവും ചുരുങ്ങിയത് 139000 രൂപയെങ്കിലും നല്‍കേണ്ടേ വരും. ആഗോള വ്യാപാരം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക വളർച്ച തുടങ്ങിയ ഘടകങ്ങൾ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ മൂല്യം വർധിപ്പിച്ചതാണ് സ്വർണ വില വർധനവിന് പ്രധാന കാരണമായത്. ഇക്കാലയളവില്‍ തന്നെ വെള്ളിയുടെ വിലയും 29 ശതമാനം ഉയർന്നു.
സെപ്റ്റംബർ മാസത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം സ്വർണ വില ഒന്നിലധികം റെക്കോർഡുകൾ തകർത്തു. ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകൾ, ഇന്ത്യൻ രൂപയുടെ ദുർബല പ്രകടനം, യുഎസ് ധനകാര്യ സ്ഥിരതയിലുള്ള ആഗോള വിശ്വാസം കുറയൽ എന്നിവയാണ് പെട്ടെന്നുള്ള വർധനവിന്റെ കാരണമായി പ്രധാനമായും വിലയിരുത്തപ്പെടുന്നത്. വ്യാവസായിക ഡിമാൻഡ്, വെള്ളി ETF-കളിലെ നിക്ഷേപ വർധന, വിതരണ കുറവ് എന്നിവ വെള്ളിയുടേയും വില ഉയർത്തി.

സ്വർണത്തിന്റേയും വെള്ളിയുടേയും വില ഇവിടെയൊന്നും നില്‍ക്കില്ലെന്നും വീണ്ടും ഉയരുമെന്നാണ് സാമ്പത്തി വിദഗ്ധർ ജ്വല്ലറി ഉടമകളും ചൂണ്ടിക്കാണിക്കുന്നത്. 'സ്വർണവും വെള്ളിയും 2025-ന്റെ ബാക്കി മാസങ്ങളിൽ ഉയർന്ന പ്രവണത തുടരുമെന്നാണ് പ്രതീക്ഷ. യുഎസ് ഫെഡിന്റെ പലിശ നിരക്ക് തീരുമാനങ്ങൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും.' കമ്മോഡിറ്റി ആൻഡ് സി ആർ എം മേധാവി എൻഎസ് രാമസ്വാമി പറയുന്നു.
യുഎസ് ട്രഷറിയുടെ വാർഷിക പലിശ ചെലവ് 1.2 ട്രില്യൺ ഡോളറിന് മുകളിലെത്തിയിരിക്കുന്നു. ഇത് സർക്കാർ കടപത്രങ്ങളോടുള്ള നിക്ഷേപക താൽപ്പര്യം കുറയ്ക്കുന്നു, ഇത് സ്വർണത്തിന്റെ ദീർഘകാല മൂല്യം ഉറപ്പിക്കുന്നുവെന്ന് ഇൻവാസെറ്റിലെ ബിസിനസ് ഹെഡ് ഹർഷൽ ദസാനിയും ചൂണ്ടിക്കാട്ടി.
ട്രേഡിംഗ് ഇക്കണോമിക്സ് അനുസരിച്ച്, സെപ്റ്റംബർ 5-ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 1% ഉയർന്ന് 3,595 ഡോളർ/ഔൺസിൽ എത്തി. 3,500 ഡോളർ/ഔൺസിന് മുകളിലേക്കുള്ള ഈ മുന്നേറ്റം 2025-ൽ 3,800-4,000 ഡോളർ/ഔൺസ് വരെ എത്താമെന്നാണ് സാമ്പത്തി വിദഗ്ധർ പ്രവചിക്കുന്നത്. വെള്ളി 50-52 ഡോളർ/ഔൺസ് എന്ന ചരിത്രപരമായ പ്രതിരോധം മറികടന്നാൽ, സൗരോർജ ഡിമാൻഡും ഭൗതിക ലഭ്യത കുറവും കാരണം വില കുതിച്ചുയരാം.
എങ്ങനെ നിക്ഷേപം
നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകർ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ പ്രിഷ്യസ് മെറ്റൽ ഗവേഷണ വിശകലന വിദഗ്ധൻ മനവ് മോദി ചില നിർദേശങ്ങള്‍ നല്‍കുന്നുണ്ട്.
സ്വർണം: ഇടത്തരം മുതൽ ദീർഘകാല നിക്ഷേപകർക്ക് വില കുറയുമ്പോൾ വാങ്ങുന്ന തന്ത്രം സ്വീകരിക്കാം. 99,000-1,00,000 രൂപയാണ് ശക്തമായ പിന്തുണ മേഖല. 103000-103500 രൂപയിലേക്കുള്ള ഇടിവുകളു വാങ്ങാനുള്ള അവസരമായി ഉപയോഗിക്കാം. വില്‍ക്കല്‍ ലക്ഷ്യം 1,10,000-1,12,000 രൂപയായിരിക്കണം. അന്താരാഷ്ട്ര വിപണിയിൽ (COMEX) 3,450 ഡോളർ നിലവാരത്തിലേക്കുള്ള ഇടിവ് വാങ്ങാനും 3,700-3,800 ഡോളർ വില്‍ക്കാനുമുള്ള അവസരമാക്കി മാറ്റാമെന്നും അദ്ദേഹം നിർദേശിക്കുന്നു.
വെള്ളി: ദീർഘകാല പിന്തുണ 1,08,000-1,10,000 രൂപയിലാണ്. 1,15,000-1,18,000 രൂപയിലേക്കുള്ള ഇടിവ് ശേഖരിക്കാനുള്ള അവസരമാണ്. വില്‍ക്ക് ലക്ഷ്യം 1,35,000 രൂപ, തുടർന്ന് 1,50,000 രൂപ.
2025 അവസാനത്തോടെ സ്വർണം 3,450-3,750 ഡോളർ/ഔൺസ്, വെള്ളി 41-44 ഡോളർ/ഔൺസ് എന്ന വില പരിധിയിൽ എത്തുമെന്നാണ് എൻഎസ് രാമസ്വാമി അടക്കമുള്ളവരുടെ പ്രവചനം. ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ, സ്വർണവും വെള്ളിയും സുരക്ഷിത നിക്ഷേപമായി തുടരും.
പ്രത്യേക ശ്രദ്ധക്ക്: നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ധനകാര്യ ഉപദേശകനുമായി കൂടിയാലോചിക്കുക.












Click it and Unblock the Notifications