സ്വർണവില കുത്തനെ കുറയും; ഇടിയുക നാലിലൊന്ന്; പക്ഷെ കയ്യിലുള്ള മറ്റൊരു ലോഹത്തിന് വിലയേറും
സ്വർണത്തിന്റേയും വെള്ളിയുടേയും വിലയില്‍ ശ്രദ്ധേയമായ പ്രവചനവുമായി ലോകത്തെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ സിറ്റിഗ്രൂപ്പ്. വെള്ളിയുടെ വിതരണം കുറയുന്നതിനനുസരിച്ചും നിക്ഷേപ ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ചും വരും മാസങ്ങളിൽ വില ഔൺസിന് 40 ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് സിറ്റിഗ്രൂപ്പിന്റെ വിശകലന വിദഗ്ധർ പ്രവചിക്കുന്നത്. മാക്സ് ലേറ്റന്റെ നേതൃത്വത്തിലുള്ള സിറ്റി വിശകലന വിദഗ്ധർ, ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ അടുത്ത മൂന്ന് മാസത്തെ വെള്ളി വില പ്രവചനം 38 ഡോളറിൽ നിന്ന് 40 ഡോളറായി ഉയർത്തിയതായും റിപ്പോർട്ടുകളും പറയുന്നു.
നിലവിൽ 38 ഡോളറിൽ വ്യാപാരം നടക്കുന്ന വെള്ളി, കഴിഞ്ഞ ഒരു മാസത്തിനിടെ 3% വർധനവും, കഴിഞ്ഞ ഒരു വർഷത്തിനിടെ 24% വർധനവും, ഈ വർഷം ഇതുവരെ 30% വർധനവും രേഖപ്പെടുത്തി വില കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കുമെത്തി. അടുത്ത 6-12 മാസത്തിന് ഇടയില്‍ വില 43 ഡോളർ എന്ന നിലയിലേക്ക് എത്തുമെന്ന പ്രവചനം ശരിയാകുകയാണെങ്കില്‍ അത് നിരക്കില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കും.

അതായത് സിറ്റിയുടെ പ്രവചനമനുസരിച്ച്, ഹ്രസ്വകാലത്തിൽ വെള്ളിയുടെ വില 5% ഉയർന്ന് 40 ഡോളറിലും, അടുത്ത 6-12 മാസത്തിനുള്ളിൽ 13% ഉയർന്ന് 43 ഡോളറിലും എത്തും. "തുടർച്ചയായ വർഷങ്ങളിലെ കമ്മിയും, ഉയർന്ന വിലയ്ക്ക് മാത്രം വിൽക്കാൻ തയ്യാറാകുന്ന ഓഹരി ഉടമകളും, ശക്തമായ നിക്ഷേപ ഡിമാൻഡും കാരണം വെള്ളിയുടെ ലഭ്യത കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," സിറ്റി വിശകലന വിദഗ്ധർ പറയുന്നു.
സ്വർണം-വെള്ളി അനുപാതവും വെള്ളിയുടെ വില വർധനയ്ക്ക് സൂചന നൽകുന്നുണ്ട്. ജനുവരിയിൽ 100-ന് അടുത്ത് എത്തിയിരുന്ന സ്വർണം-വെള്ളി അനുപാതം ഇപ്പോൾ 85-ലേക്ക് കുറഞ്ഞു. ദീർഘകാല ശരാശരി 70 ആയതിനാൽ, വെള്ളിയുടെ വില ഉയരാനുള്ള സാധ്യത ഇനിയും ഉണ്ട്. സോളാർ പവർ, ഇലക്ട്രോണിക്സ്, വൈദ്യുതീകരണം എന്നിവയിൽ വെള്ളി ഒരു പ്രധാന ഘടകമാണ്. ഈ മേഖലയില്‍ നിന്നും ലോഹത്തിന് ശക്തമായ ഡിമാന്റാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നേരെ മറുവശത്ത് സ്വർണത്തിന്റെ ഭാവിയിൽ സിറ്റി അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. 2025-ൽ കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് നിക്ഷേപങ്ങളും മൂലം സ്വർണം 27%-ലധികം ഉയർന്നിട്ടുണ്ട്. ജൂൺ മാസത്തിൽ, റെക്കോർഡ് വർധനവിന് ശേഷം സ്വർണവില ഇടിയാന്‍ തുടങ്ങുമെന്ന് സിറ്റിബാങ്ക് പ്രവചിച്ചിരുന്നു. അടുത്ത പാദത്തിൽ സ്വർണം 3000 ഡോളറിന് മുകളിൽ നിലനിൽക്കുമെങ്കിലും, 2026-ന്റെ രണ്ടാം പകുതിയോടെ 2500-2700 ഡോളർ പരിധിയിലേക്ക് ഇടിയുമെന്നാണ് ലേറ്റനും മറ്റ് വിശകലന വിദഗ്ധരും പ്രവചിക്കുന്നത്.
ചുരുക്കത്തില്‍ വെള്ളിയുടെ വില 2025-ൽ 13% വർധനവ് പ്രതീക്ഷിക്കുമ്പോൾ, സ്വർണം 2026-ഓടെ 25% ഇടിയുമെന്നാണ് ലോക പ്രശസ്ത ബാങ്കിന്റെ പ്രവചനം. അതായത് സ്വർണത്തിലായാലും വെള്ളിയിലായാലും നിക്ഷേപിക്കുന്നവർ കരുതലോടെ വേണം തീരുമാനങ്ങളെടുക്കാന്‍.












Click it and Unblock the Notifications