സ്വര്‍ണാഭരണം ഇനി കിട്ടില്ലേ? വില കുതിക്കുമ്പോഴും ആഭരണ മേഖലയ്ക്ക് തിരിച്ചടി.. കാരണങ്ങള്‍ നിരവധി
സ്വര്‍ണവില കുതിച്ചുയരുമ്പോഴും ഇന്ത്യയുടെ ആഭരണ മേഖല ഭീഷണിയില്‍. കയറ്റുമതി കുറയുകയും സ്വര്‍ണ്ണ ലീസിംഗ് നിരക്കുകള്‍ കുതിച്ചുയരുകയും ചെയ്യുന്നതാണ് ആഭരണ വ്യവസായത്തിന് തിരിച്ചടിയാകുന്നത്. ഇതിനൊപ്പം ഇന്ത്യയിലെ ആഭരണ മേഖലയിലെ മത്സരം വര്‍ധിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ് എന്നാണ് സീസ്റ്റോക്കിന്റെ ഗവേഷണ സംഘം പറയുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ഈ ഘടകങ്ങള്‍ ആഭരണ സ്റ്റോക്കുകളില്‍ കുത്തനെയുള്ള ഇടിവ് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2025 ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഇടിഞ്ഞ് 223.7 കോടി ഡോളറിലെത്തി. തുടര്‍ച്ചയായ മൂന്നാം മാസത്തിലാണ് ഈ തരത്തില്‍ ഇടിവ് ഉണ്ടാകുന്നത്. 2024 ഡിസംബറിലും 2024 നവംബറിലും യഥാക്രമം 10% ഉം 13% ഉം കുത്തനെ ഇടിവ് സംഭവിച്ചിരുന്നു.

2024 ഒക്ടോബറില്‍ 9.2 ശതമാനം വളര്‍ച്ച കൈവരിച്ചതിന് ശേഷമാണ് ഈ ഇടിവ് സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഭരണ മേഖലയുടെ കയറ്റുമതിയിലുണ്ടാകുന്ന വെല്ലുവിളികളെയാണ് ഇത് എടുത്തുകാണിക്കുന്നത്. സ്വര്‍ണ ലീസിംഗ് നിരക്കുകള്‍ ഇരട്ടിയായതാണ് മറ്റൊരു ഘടകം. ഇത് ചെലവ് വര്‍ധിക്കാന്‍ കാരണമായി. ജ്വല്ലറികളുടെ പ്രധാന ചെലവായ സ്വര്‍ണ ലീസിംഗ് നിരക്കുകള്‍ കഴിഞ്ഞ മാസം ഇരട്ടിയായി വര്‍ധിച്ചിരുന്നു.
നിരക്കുകള്‍ ഇനിയും ഉയരാനാണ് സാധ്യത. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നിലവിലെ 2.5 ശതമാനം മുതല്‍ 3 ശതമാനം വരെയായിരുന്നത് 6-7 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം. താരിഫ് വര്‍ധിക്കുന്നത് ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും നിരക്കുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യും.
ആഭരണ വ്യവസായം കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. പ്രധാന കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് നിലവിലുള്ള കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 5000 കോടി രൂപയുടെ നിക്ഷേപത്തോടെ ആദിത്യ ബിര്‍ള ഗ്രൂപ്പ് 'ഇന്ദ്രിയ' ആരംഭിച്ചത് ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ജ്വല്ലറി ഓഹരികള്‍ ഇടിഞ്ഞിരുന്നു.
സെന്‍കോ ഗോള്‍ഡ് 40 ശതമാനം ഇടിഞ്ഞ് 39.4 മടങ്ങ് പി/ഇയില്‍ വ്യാപാരം നടത്തി. അഞ്ച് വര്‍ഷത്തെ ശരാശരിയായ 35.3 മടങ്ങ് കവിഞ്ഞു. കല്യാണ്‍ ജ്വല്ലേഴ്സ് 30 ശതമാനം ഇടിഞ്ഞതോടെ നിലവിലെ പി/ഇ 75.8 മടങ്ങ് ആയി. കയറ്റുമതി കുറയുന്നതും, ചെലവുകളും മത്സരവും വര്‍ധിക്കുന്നതും മൂലം വരും മാസങ്ങളിലും ആഭരണ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരിക്കാനാണ് സാധ്യത.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications