സ്വർണവില ഇനിയും ഉയരും: നവംബറിലും ഡിസംബറിലും വില മുന്നോട്ട് തന്നെ: വിദഗ്ധർ പറയുന്നത് ഇങ്ങനെ
റെക്കോർഡുകള്‍ ഭേദിച്ച ഒക്ടോബർ മാസത്തിന്‍റെ അവസാന ദിനം വീഴ്ചയില്‍ നിന്നും തിരിച്ച് കയറി സ്വർണ വില. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണത്തിന് പവന് 89080 എന്ന നിരക്കിലായിരുന്നു വിപണി അവസാനിച്ചത്. ഇന്നലെ രാവിലെ 88360 ആയിരുന്നു പവന്റെ നിരക്ക്. സമീപ ദിനങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 89080 ലേക്ക് വിലയെത്തി. ഈ വർധനവിന്‍റെ തുടർച്ചയാണ് ഇന്നും ഉണ്ടായിരിക്കുന്നത്.
ഇന്ന് ഒറ്റയടിക്ക് 880 രൂപ വർധിച്ചതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 89960 എന്നതിലേക്ക് എത്തി. ആഗോളവിപണിയിലെ വില ട്രോയ് ഔണ്‍സിന് 4,000ൽ നിന്ന് 4,044 ഡോളറിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില വർധിക്കുന്നത്. അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടിക്ക് പിന്നാലെയാണ് വിലമുന്നോട്ട് കുതിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആഗോളവിപണിയിലെ വില ലാഭമെടുപ്പിനെ തുടർന്ന് വില വീണ്ടും 3,999 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതേ ട്രെൻഡ് നിലനിന്നാൽ, കേരളത്തിലെ വില ഉച്ചക്ക് ശേഷമോ അല്ലെങ്കില്‍ നാളെയോ താഴ്ന്നേക്കാം.

ഇന്നത്തെ വർധനവോടെ വില വീണ്ടും ഉയരുമോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. ഒക്ടോബറിന്‍റെ അവസാനം നേരിയ ഇടിവ് ഉണ്ടായെങ്കിലും വരാനിരിക്കുന്ന രണ്ട് മാസങ്ങളിലും സ്വർണ വില മുന്നോട്ട് തന്നെ തന്നെ കയറിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. വിവാഹസീസണും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ആരംഭിക്കുന്ന സമയമാണ് എന്നതും വിലവർധനവിന് അനുകൂല ഘടകങ്ങളാണ്. സ്വർണവില മുന്നോട്ട് കുതിച്ചതോടെ പ ഇന്ത്യയിൽ ഉത്സവകാല സ്വർണ ഡിമാൻഡ് 16% ഇടിഞ്ഞെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇപ്പോഴും ശക്തമാണ്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ നയം, ഡോളറിന്റെ ദൗർബല്യം, റഷ്യ-യുക്രൈൻ, ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങൾ, ചൈന-യുഎസ് വ്യാപാരയുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി ഉയർത്തിക്കാട്ടുന്നു.
ലോകത്തെ പ്രമുഖ സെൻട്രൽ ബാങ്കുകൾ, പ്രത്യേകിച്ച് ചൈനയും ഇന്ത്യയും, സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് വിലയെ താങ്ങിനിർത്തുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് ജെപി മോർഗന്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങൾ 2026 മധ്യത്തോടെ ഒരു ഔൺസ് സ്വർണത്തിന്‍റെ വില 5000 ഡോളർ വരെ എത്തുമെന്ന് പ്രവചിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ, രൂപയുടെ മൂല്യം ഡോളറിനെതിരെ 88-89 നിലവാരത്തിലേക്ക് താഴ്ന്നാൽ സ്വർണവില കൂടുതൽ ഉയരും. ഇതിന് പുറമെ, ഇന്ത്യയിലെ വിവാഹസീസൺ ആവശ്യകത 300-400 ടൺ വരെ ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നവംബർ-ഡിസംബർ മാസങ്ങള്‍ ഇന്ത്യയിലെ ശക്തമായ വിവാഹ സീസണാണ്. 3-4 ലക്ഷം വിവാഹങ്ങൾ ഈ കാലയളവില്‍ പ്രതീക്ഷിക്കുന്നു. ഒരു വിവാഹത്തിന് ശരാശരി 50-100 ഗ്രാം സ്വർണം വാങ്ങുന്നുവെന്നാണ് കണക്ക്. ഇങ്ങനെ കണക്കാക്കിയാല്‍ ആകെ ആവശ്യകത 300-400 ടൺ ആകും. ക്രിസ്മസ്, പുതുവത്സരം, പൊങ്കൽ എന്നിവയും ചേരുമ്പോൾ ഡിമാൻഡ് 50% വർധിക്കും. ഇറക്കുമതി 20% കൂടും, സ്വാഭാവികമായും ഇത് വിലയെ വലിയ തോതില്‍ സ്വാധീനിക്കും.
നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, നിക്ഷേപകർക്ക് ഈ സീസണിൽ 8-12% വരെ ലാഭം പ്രതീക്ഷിക്കാം. മറുവശത്ത് വില കുറയാനുള്ള സാഹചര്യവും ഇല്ലാതില്ല. ദിപാവലി ശേഷമുള്ള പ്രോഫിറ്റ് ബുക്കിങ്, യുഎസ് സാമ്പത്തിക ഡാറ്റയിലെ മെച്ചപ്പെടൽ, ഡോളറിന്റെ ശക്തി എന്നിവ താൽക്കാലിക താഴ്ചയ്ക്ക് കാരണമാകാം.












Click it and Unblock the Notifications