ഡോളര്‍ കൊടുക്കാതെ സ്വര്‍ണം വാങ്ങി ഇന്ത്യയുടെ നീക്കം..! ചൈനയും യുകെയും പയറ്റിയ തന്ത്രം പാളുമോ?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തങ്ങളുടെ കരുതല്‍ ശേഖരം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. 2016 ജൂണിനും 2026 ജൂണിനും ഇടയിലുള്ള കാലയളവില്‍, ചൈന തങ്ങളുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ അളവ് കുറയ്ക്കുകയും അതേസമയം സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യയാകട്ടെ, ഒരേ സമയം തന്നെ യുഎസ് ട്രഷറി ബോണ്ടുകളുും സ്വര്‍ണ ശേഖരവും വര്‍ധിപ്പിച്ചു. യുകെയാകട്ടെ സ്വര്‍ണ ശേഖരത്തില്‍ മാറ്റം വരുത്താതെ ട്രഷറി ബോണ്ടുകളുടെ ശേഖരം ഗണ്യമായി വര്‍ധിപ്പിച്ചു. അതേസമയം, ജപ്പാനില്‍ ട്രഷറി ബോണ്ടുകളുടെ ശേഖരത്തില്‍ നേരിയ കുറവും സ്വര്‍ണ ശേഖരത്തില്‍ വര്‍ധനവും ഉണ്ടായി. സ്വര്‍ണ ശേഖരത്തില്‍ കാര്യമായ മാറ്റമില്ലാതെ തന്നെ ട്രഷറി ബോണ്ടുകളുടെ ശേഖരം വര്‍ധിപ്പിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് ചെയ്തത്.

കരുതല്‍ ശേഖരം കൈവശം വച്ചിരിക്കുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഔദ്യോഗിക കരുതല്‍ ശേഖരത്തിന്റെ ഘടനയില്‍ എങ്ങനെയൊക്കെയാണ് മാറ്റങ്ങള്‍ സംഭവിച്ചതെന്ന് വ്യക്തമാകുന്നു. ചൈനയുടെ യുഎസ് ട്രഷറി ബോണ്ട് ശേഖരത്തില്‍ 47 ശതമാനം കുറവ് വന്നപ്പോള്‍ സ്വര്‍ണ ശേഖരത്തില്‍ 27 ശതമാനം വര്‍ധനവുണ്ടായി.
2016 ജൂണില്‍ 1.19 ട്രില്യണ്‍ ഡോളറായിരുന്ന ചൈനയുടെ യുഎസ് ട്രഷറി ബോണ്ട് ശേഖരം 2026 ജൂണില്‍ 633.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതേ കാലയളവില്‍, ചൈനയുടെ സ്വര്‍ണ ശേഖരം 1,842.56 ടണ്ണില്‍ നിന്ന് 2,346.43 ടണ്ണായി വര്‍ധിച്ചു. ചുരുക്കത്തില്‍, ഈ പത്ത് വര്‍ഷത്തിനിടെ യുഎസ് ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്ക്കുകയും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുകയുമാണ് ചൈന ചെയ്തത്.
ചൈനയുടെ സ്വര്‍ണശേഖരം 2025-ലെ രണ്ടാം പാദത്തിലെ 2,299 ടണ്ണില്‍ നിന്ന് 2026-ലെ രണ്ടാം പാദത്തില്‍ 2,346.43 ടണ്ണായി ഉയര്‍ന്നു. ഇത് ഏകദേശം 2.06 ശതമാനത്തിന്റെ വര്‍ധനവാണ്. രണ്ടാം പാദത്തില്‍ മാത്രം ചൈനയുടെ സ്വര്‍ണശേഖരത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍, ഇതേ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ യുഎസ് ട്രഷറി നിക്ഷേപം 731.4 ബില്യണ്‍ ഡോളറില്‍ നിന്ന് 633.4 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.
ഇത് 13.4 ശതമാനത്തിന്റെ ഇടിവാണ്. 'ഇതൊരു ഒറ്റത്തവണ വില്‍പ്പനയല്ല, മറിച്ച് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ദീര്‍ഘകാല ശ്രമത്തിന്റെ ഭാഗമായാണ് ഈ കുറവ് സംഭവിച്ചതെന്ന് തോന്നുന്നു,' എന്ന് സിആര്‍ഫോറെക്‌സ് അഡൈ്വസേഴ്‌സ് എംഡിയും സിഇഒയുമായ അമിത് പബാരി പറഞ്ഞു. ഇതേ കാലയളവില്‍ സ്വര്‍ണവും യുഎസ് ട്രഷറി ബോണ്ടും വര്‍ധിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്.
ഇന്ത്യയുടെ യുഎസ് ട്രഷറി നിക്ഷേപം 2016 ജൂണിലെ 117.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ജൂണില്‍ 186.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, അതായത് 59 ശതമാനം വര്‍ധനവ്. ഇതേ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണശേഖരം 557.77 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി വര്‍ധിച്ചു, (58 ശതമാനം വര്‍ധനവ്). എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല.
ഒരു വര്‍ഷത്തിനിടയില്‍ അത് 879.6 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി നേരിയ തോതില്‍ മാത്രമേ രാജ്യത്തെ സ്വര്‍ണ ശേഖരം വര്‍ധിച്ചുള്ളൂ. എന്നാല്‍ യുഎസ് ട്രഷറി നിക്ഷേപം 227.4 ബില്യണ്‍ ഡോളറില്‍ നിന്ന് 186.4 ബില്യണ്‍ ഡോളറായി കുറഞ്ഞു (18 ശതമാനം ഇടിവ്). ജപ്പാനില്‍ യുഎസ് ട്രഷറി നിക്ഷേപം 2016 ജൂണിലെ 1.15 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2026 ജൂണില്‍ 1.12 ട്രില്യണ്‍ ഡോളറായി നേരിയ തോതില്‍ കുറഞ്ഞു.
എന്നാല്‍ സ്വര്‍ണ്ണശേഖരം 765.22 ടണ്ണില്‍ നിന്ന് 845.97 ടണ്ണായി വര്‍ധിച്ചു. സ്വിറ്റ്സര്‍ലന്‍ഡിന്റെ കൈവശമുള്ള യുഎസ് ട്രഷറി ആസ്തികള്‍ 2016 ജൂണിലെ 241.3 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ജൂണില്‍ 284.9 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഇത് 18.07 ശതമാനത്തിന്റെ വര്‍ധനവാണ്. അതേസമയം, അവരുടെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 2016-ല്‍ 1,040 ടണ്‍ ആയിരുന്ന ശേഖരം 2026-ല്‍ 1,039.94 ടണ്‍ ആയി മാറി.
അതേസമയം ഈ ലിസ്റ്റില്‍ യുഎസ് ട്രഷറി നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവുണ്ടായത് യുകെയുടേതാണ്. 2016 ജൂണില്‍ 210 ബില്യണ്‍ ഡോളറായിരുന്ന ഇവരുടെ ട്രഷറി നിക്ഷേപം 2026 ജൂണില്‍ 939.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 348 ശതമാനത്തിന്റെ വര്‍ധനയാണിത്. അതേസമയം, ഇവരുടെ സ്വര്‍ണശേഖരത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. അത് 310.29 ടണ്ണായിത്തന്നെ തുടര്‍ന്നു.


Click it and Unblock the Notifications
