സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ... നവംബറില്‍ മാത്രം എത്തിച്ചത് 8 ടണ്‍; ലോകത്ത് രണ്ടാമത്, ഒന്നാമതാരെന്നോ!?
സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ് എല്ലാവരും കാണുന്നത്. വ്യക്തികളും സംഘടനകളും മാത്രമല്ല, രാജ്യങ്ങള്‍ പോലും ഇങ്ങനെയാണ് സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടാനാണ് ശ്രമിക്കുന്നത്. ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ 2024 നവംബറിലും സ്വര്‍ണ്ണ വിപണിയില്‍ സജീവമായിരുന്നു എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
നവംബറില്‍ 53 ടണ്‍ സ്വര്‍ണമാണ് ലോകത്തിലെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും ചേര്‍ന്ന് തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുസ്ഥിരവും സുരക്ഷിതവുമായ ആസ്തിയായി സ്വര്‍ണത്തെ ലോകരാജ്യങ്ങള്‍ കാണുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയും സ്വര്‍ണം വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ അത്ര പിന്നില്‍ അല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നവംബറില്‍ മാത്രം ഇന്ത്യ 8 ടണ്‍ സ്വര്‍ണമാണ് തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തത്. നവംബര്‍ അവസാനത്തോടെ ഇന്ത്യ 73 ടണ്‍ സ്വര്‍ണമാണ് 2024 ല്‍ വാങ്ങിയത്. ഇതോടെ 2024 ലെ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനും ഇന്ത്യയ്ക്കായി. 876 ടണ്‍ സ്വര്‍ണ ശേഖരമാണ് നവംബര്‍ അവസാനത്തെ കണക്ക് പ്രകാരം ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ ഉള്ളത്.
നാഷണല്‍ ബാങ്ക് ഓഫ് പോളണ്ട് നവംബറില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യമായി ഉയര്‍ന്നു. നവംബറില്‍ മാത്രം 21 ടണ്‍ സ്വര്‍ണമാണ് പോളണ്ട് എത്തിച്ചത്. 2024 ല്‍ ആകെ 90 ടണ്‍ സ്വര്‍ണവും പോളണ്ട് കരുതല്‍ ശേഖരത്തില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ആകെ 448 ടണ്‍ സ്വര്‍ണമാണ് കരുതല്‍ ശേഖരമാണുള്ളത്. പോളണ്ടിന്റെ മൊത്തം കരുതല്‍ ശേഖരത്തിന്റെ ഏകദേശം 18 ശതമാനവും സ്വര്‍ണമാണ്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഉസ്‌ബെക്കിസ്ഥാനും 2024 ല്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ജൂലൈ മുതല്‍ ഒരു ഇടവേളയ്ക്ക് ശേഷം കരുതല്‍ ശേഖരം 9 ടണ്‍ ആയി ഉസ്‌ബെക്കിസ്ഥാന്‍ വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ കൈവശം ആകെ ഇപ്പോള്‍ ഉള്ളത് 382 ടണ്‍ സ്വര്‍ണമാണ്. നാഷണല്‍ ബാങ്ക് ഓഫ് കസാക്കിസ്ഥാന്‍ നവംബറില്‍ 5 ടണ്‍ ചേര്‍ത്തു. ഇതോടെ മൊത്തം കരുതല്‍ ശേഖരം ഇപ്പോള്‍ 295 ടണ്ണായി മാറ്റി.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിച്ചു. 5 ടണ്‍ കൂട്ടിച്ചേര്‍ത്ത ചൈനയുടെ കൈയില്‍ ഇപ്പോള്‍ ആകെ 2264 ടണ്ണായി മാറി. രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിന്റെ 5 ശതമാനവും സ്വര്‍ണമാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ജോര്‍ദാന്‍ നവംബറില്‍ അതിന്റെ ഹോള്‍ഡിംഗ്‌സ് 4 ടണ്‍ വര്‍ധിപ്പിച്ചു. മൊത്തം കരുതല്‍ ശേഖരം 73 ടണ്ണായി ഉയര്‍ത്തുകയും ചെയ്തു.
തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് 3 ടണ്‍ കൂട്ടിച്ചേര്‍ത്തു. ചെക്ക് നാഷണല്‍ ബാങ്ക് ഏകദേശം 2 ടണ്‍ വാങ്ങുകയും മൊത്തം ഹോള്‍ഡിംഗ്‌സ് വെറും 50 ടണ്ണായി ഉയര്‍ത്തുകയും ചെയ്തു. ബാങ്ക് ഓഫ് ഘാന, അതിന്റെ ആഭ്യന്തര സ്വര്‍ണ്ണ പര്‍ച്ചേസ് പ്രോഗ്രാമിന്റെ ഭാഗമായി നവംബറില്‍ 1 ടണ്‍ കൂട്ടിച്ചേര്‍ത്തു, മൊത്തം കരുതല്‍ ശേഖരം 29 ടണ്ണായി. എന്നിരുന്നാലും ചില സെന്‍ട്രല്‍ ബാങ്കുകള്‍ ഈ മാസത്തില്‍ അവരുടെ സ്വര്‍ണ്ണ നിക്ഷേപം കുറച്ചു.












Click it and Unblock the Notifications