പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കാനും ബില്ല് വേണോ? നികുതി ചുമത്തുന്നതിങ്ങനെ
സ്വര്‍ണവില സമീപകാലത്ത് ചാഞ്ചാട്ടത്തിലാണെങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. അതിനാല്‍ തന്നെ കൈയിലുള്ള സ്വര്‍ണം വിറ്റ് അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ ഏറെയാണ്. പല കുടുംബങ്ങളിലും പാരമ്പര്യമായി ലഭിച്ച സ്വര്‍ണം ഇത്തരത്തില്‍ ഒരു മുതല്‍ക്കൂട്ടാകാറുണ്ട്. എന്നാല്‍ പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ വാങ്ങല്‍ രസീത് കൈവശമില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം.
എന്നാല്‍, രസീത് ഇല്ലെന്നതുകൊണ്ട് വില്‍പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും നികുതിക്ക് വിധേയമായ വരുമാനമായി കണക്കാക്കപ്പെടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍, ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകള്‍ എന്നിവ ഉപയോഗിച്ച് സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അതിന് വന്ന ചെലവ് എത്രയാണെന്ന് നികുതിദായകര്‍ക്ക് തെളിയിക്കാവുന്നതാണ്. പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ അതിന്റെ മൂല്യം എങ്ങനെ നിര്‍ണയിക്കാമെന്നും, അതിന്മേല്‍ എങ്ങനെ നികുതി കണക്കാക്കാമെന്നും നമുക്ക് നോക്കാം.

യഥാര്‍ത്ഥ രസീത് കൈവശമില്ലെങ്കില്‍, മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ വന്ന ചെലവ് നികുതിദായകര്‍ക്ക് തെളിയിക്കാന്‍ സാധിക്കും. 'സ്വര്‍ണം മുന്‍ ഉടമയുടെ കൈവശം 2001 ഏപ്രില്‍ 1-ന് മുമ്പാണ് എത്തിയതെങ്കില്‍, 2001 ഏപ്രില്‍ 1-ലെ ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ വാങ്ങല്‍ ചെലവായി കണക്കാക്കാന്‍ നികുതിദായകന് തിരഞ്ഞെടുക്കാം. ഇത് യഥാര്‍ത്ഥ വാങ്ങല്‍ വിലയേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നികുതിദായകന് ഗുണകരമാണ്.
ആ തീയതിയിലെ സ്വര്‍ണത്തിന്റെ മൂല്യം സംബന്ധിച്ച് അംഗീകൃത ജ്വല്ലറി ഉടമയില്‍ നിന്നോ വാല്യൂവറില്‍ നിന്നോ ലഭിക്കുന്ന പ്രൊഫഷണല്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് ഇതിന് തെളിവായി ഉപയോഗിക്കാം. 2001 ഏപ്രില്‍ 1-ന് ശേഷമാണ് സ്വര്‍ണം സ്വന്തമാക്കിയതെങ്കില്‍, യഥാര്‍ത്ഥ രസീത് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് ഇനി പറയുന്നവയെ ആശ്രയിക്കാവുന്നതാണ്.
സ്വര്‍ണം വാങ്ങിയ ഇടപാട് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍, സ്വര്‍ണം വാങ്ങിയ സമയത്തെ അതിന്റെ മൂല്യം വ്യക്തമാക്കുന്ന ഇന്‍ഷുറന്‍സ് പോളിസി രേഖകളോ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടുകളോ, വാങ്ങിയ വിവരങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് മുന്‍ ഉടമയില്‍ നിന്നോ (അല്ലെങ്കില്‍ അവരുടെ നിയമപരമായ അവകാശികളില്‍ നിന്നോ) ലഭിക്കുന്ന സത്യവാങ്മൂലം എന്നിവയാണ് അവ.
കൂടാതെ ഒരു ജ്വല്ലറി ഉടമ നല്‍കുന്ന മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ് നിലവിലുള്ളതോ മുന്‍കാലത്തോ ഉണ്ടായിരുന്ന വിപണി മൂല്യം തെളിയിക്കാന്‍ സഹായിക്കും. എന്നാല്‍, ഇത് യഥാര്‍ത്ഥ വാങ്ങല്‍ വിലയെക്കാള്‍ ന്യായമായ വിപണി മൂല്യം നിര്‍ണയിക്കാനാണ് കൂടുതല്‍ ഉപയോഗപ്രദമാകുക. യഥാര്‍ത്ഥ വാങ്ങല്‍ വില സംബന്ധിച്ച് വിശ്വസനീയമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കില്‍, നികുതിദായകന് ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച കണക്ക് ഉപയോഗിക്കാം.
ഇതിനായി ഒരു പ്രൊഫഷണല്‍ മൂല്യനിര്‍ണയ വിദഗ്ദ്ധന്റെ സഹായം തേടാവുന്നതാണ്. നികുതി വകുപ്പില്‍ നിന്ന് എന്തെങ്കിലും ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍, ഈ കണക്ക് ന്യായീകരിക്കാന്‍ നികുതിദായകന്‍ തയ്യാറായിരിക്കണം എന്ന് ക്ലിയര്‍ടാക്സ് എന്ന സ്ഥാപനത്തിലെ ടാക്‌സ് വിദഗ്ധയായ ചാന്ദ്‌നി അനന്തന്‍ പറയുന്നു.
അംഗീകൃതവും വിശ്വസനീയവുമായ ഒരു ജ്വല്ലറിയില്‍ നിന്നോ, സര്‍ക്കാര്‍ അംഗീകൃത മൂല്യനിര്‍ണയ വിദഗ്ദ്ധനില്‍ നിന്നോ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണത്തിന്റെ വിപണി മൂല്യം തെളിയിക്കാന്‍ ഉപയോഗിക്കാം. പ്രത്യേകിച്ചും, 2001 ഏപ്രില്‍ 1-ന് മുമ്പ് വാങ്ങിയ സ്വര്‍ണത്തിന്റെ ന്യായമായ വിപണി മൂല്യം നിര്‍ണയിക്കുന്നതിനോ, വില്‍പനയിലൂടെ ലഭിച്ച തുകയെ സാധൂകരിക്കുന്നതിനോ ഇത് സഹായിക്കും.
എന്നാല്‍, 2001-ന് ശേഷം വാങ്ങിയ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍, വാങ്ങിയപ്പോള്‍ ലഭിച്ച ബില്‍ കൈവശമില്ലെങ്കില്‍, ഈ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നികുതി അധികൃതര്‍ ആവശ്യപ്പെട്ടേക്കാം.
പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍, നിലവിലെ ഉടമയ്ക്ക് അത് ലഭിച്ച തീയതി മുതലല്ല, മറിച്ച് മുന്‍ ഉടമ ആ സ്വര്‍ണം സ്വന്തമാക്കിയ തീയതി മുതല്‍ക്കാണ് കൈവശം വെച്ചിരുന്ന കാലയളവ് കണക്കാക്കുന്നത്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 49 പ്രകാരം, മുന്‍ ഉടമയുടെ കൈവശം ഉണ്ടായിരുന്ന കാലയളവും ആസ്തി സ്വന്തമാക്കാന്‍ ചെലവാക്കിയ തുകയും അവകാശിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് ഇതിന് കാരണം.
ആകെ കൈവശം വെച്ച കാലയളവ് 24 മാസമോ അതില്‍ കുറവോ ആണെങ്കില്‍, അത് ഹ്രസ്വകാല നേട്ടമായി കണക്കാക്കുകയും വ്യക്തിക്ക് ബാധകമായ സ്ലാബ് നിരക്കില്‍ നികുതി ചുമത്തുകയും ചെയ്യുന്നു. ആകെ കൈവശം വെച്ച കാലയളവ് 24 മാസത്തില്‍ കൂടുതലാണെങ്കില്‍, അത് ദീര്‍ഘകാല നേട്ടമായി കണക്കാക്കുന്നു. 2024 ജൂലൈ 23-നോ അതിനുശേഷമോ നടക്കുന്ന കൈമാറ്റങ്ങള്‍ക്ക്, ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ഇല്ലാതെ, 12.5 ശതമാനം നിരക്കില്‍ ഇതിന് നികുതി ചുമത്തുന്നു.
ഉദാഹരണത്തിന്, അവകാശമായി ലഭിച്ച ആഭരണങ്ങള്‍ 15 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും, അതിന്റെ അംഗീകൃത ചെലവോ അല്ലെങ്കില്‍ 2001 ഏപ്രില്‍ 1-ലെ ന്യായമായ വിപണി മൂല്യമോ 5 ലക്ഷം രൂപയുമാണെന്ന് കരുതുക. അപ്പോള്‍ ലഭിക്കുന്ന നേട്ടം 10 ലക്ഷം രൂപയാണ്. 12.5 ശതമാനം നിരക്കില്‍ എല്‍ടിസിജി നികുതി 1.25 ലക്ഷം രൂപ വരും. സര്‍ചാര്‍ജോ മറ്റ് കിഴിവ് ലഭിക്കുന്ന കൈമാറ്റ ചെലവുകളോ ഇല്ലെങ്കില്‍, 4 ശതമാനം സെസ് കൂടി ചേര്‍ത്ത് ആകെ നികുതി 1.30 ലക്ഷം രൂപയാകും. ആകെ വില്‍പന തുകയിലല്ല, മറിച്ച് ലഭിച്ച നേട്ടത്തിലാണ് നികുതി ചുമത്തുന്നതെന്ന് സാരം.


Click it and Unblock the Notifications
