സ്വര്‍ണം തൊടാതെ കേന്ദ്ര ബജറ്റ്; നികുതി ഇങ്ങനെ, പൊള്ളുന്ന പൊന്നിനെ തണുപ്പിക്കാതെ സര്‍ക്കാര്‍
സ്വര്‍ണവില കുതിച്ചുകൊണ്ടിരിക്കെ സ്വര്‍ണവിപണിക്ക് ആശ്വാസം നല്‍കാതെ കേന്ദ്ര ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണവില കുറയ്ക്കാന്‍ വേണ്ടിയുള്ള ഇടപെടല്‍ ഇല്ല. മാത്രമല്ല, നികുതി കുറയ്ക്കണം എന്ന വ്യാപാരികളുടെ ആവശ്യവും പരിഗണിച്ചില്ല. ബജറ്റില്‍ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നും അത് സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം, ജിഎസ്ടിയില്‍ ഇളവ് വേണം, പാന്‍ കാര്‍ഡ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ ആശ്വസമുള്ള പ്രഖ്യാപനം ഇല്ലെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. അതുകൊണ്ടുതന്നെ സ്വര്‍ണവുമായി ബന്ധപ്പെട്ട നികുതികള്‍ നേരത്തെയുള്ളത് പോലെ തുടരും. സ്വര്‍ണ നികുതി ഘടന എങ്ങനെ എന്ന് വിശദീകരിക്കാം...

ആദായ നികുതി നിയമം അനുസരിച്ച് വ്യക്തമായ സ്രോതസ് രേഖ ഉണ്ടെങ്കില്‍ എത്ര സ്വര്‍ണം വേണമെങ്കിലും കൈവശം സൂക്ഷിക്കാന്‍ സാധിക്കും. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണം സൂക്ഷിക്കാന്‍ തടസമില്ല. അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം, പുരുഷന്‍മാര്‍ക്ക് 100 ഗ്രാം എന്നിങ്ങനെയാണ് പരിധി. ഇതിന് മുകളില്‍ സ്വര്‍ണം സൂക്ഷിക്കണം എങ്കില്‍ കൃത്യമായ രേഖ ആവശ്യമാണ്.
പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിന് നികുതിയില്ല. എന്നാല്‍ ഇവ വില്‍ക്കുന്ന വേളയില്‍ നികുതി ബാധകമാണ്. മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. രണ്ട് വര്‍ഷത്തിന് ശേഷം വില്‍ക്കുകയാണെങ്കില്‍ 12.5 ശതമാനം മൂലധന നേട്ട നികുതി കൊടുക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ 20 ശതമാനമാണ് നികുതി കൊടുക്കേണ്ടത്.
പാന്‍കാര്‍ഡ് പരിധി 2 ലക്ഷം രൂപ
സ്വര്‍ണം വാങ്ങുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ പരിധി രണ്ട് ലക്ഷം രൂപയാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ഈ നിയമം നടപ്പാക്കുന്ന വേളയില്‍ 20000 രൂപയായിരുന്നു പവന്‍ വില. അന്ന് 10 പവന്‍ വരെ വാങ്ങാന്‍ സാധിക്കുമായിരുന്നു. ഇന്ന് രണ്ട് പവന്‍ പോലും കിട്ടില്ല. അതുകൊണ്ടുതന്നെ ഇതില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനമാണ്. ഇത് കുറയ്ക്കണം എന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യം ബജറ്റില്‍ പരിഗണിച്ചില്ല. ഗോള്‍ഡ് ഇടിഎഫ് 12 മാസത്തിന് താഴെ മാത്രം കൈവശം വച്ച് വില്‍ക്കുന്നവര്‍ക്ക് ആദായ നികുതി ബാധകമാണ്. 12 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചവര്‍ക്ക് 12.5 ശതമാനം നികുതിയാണ് കൊടുക്കേണ്ടത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നേരത്തെ 15 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 6 ശതമാനമാക്കി കുറച്ചു. ഇനിയും കുറയ്ക്കും എന്നായിരുന്നു ഇത്തവണ പ്രതീക്ഷ. എന്നാല്‍ കസ്റ്റംസ് നികുതിയില്‍ മാറ്റം വരുത്തുന്ന പ്രഖ്യാപനം ബജറ്റില്‍ ഇല്ല. സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ ജ്വല്ലറി വ്യാപാരികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിപണിക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications