അമ്മാവന്റെ സ്വര്‍ണം മോഷ്ടിച്ച് കാര്‍ വാങ്ങി, വാഹനപൂജയ്ക്ക് ക്ഷണിച്ചത് അതേ അമ്മാവനെ..! 19 കാരന് പിടിയില്‍
അമ്മാവന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് പുതിയ വാഹനം വാങ്ങിയ 19 കാരന് പിടിയില്‍. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയില്‍ ആണ് സംഭവം. സമര് ചവാന് എന്ന 19 കാരനാണ് പിടിയിലായത്. കോലാപ്പൂര്‍ ജില്ലയിലെ പന്‍ഹാല താലൂക്കിലുള്ള സതാവെ ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ അമ്മാവന് ഉമേഷ് മാരുതിയുടെ വീടിന് അടുത്താണ് സമര് ചവാന് താമസിക്കുന്നത്.
അമ്മാവന്റെ വീട്ടില്‍ നിന്ന് 15 പവന് (ഏകദേശം 174.96 ഗ്രാം) സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സമര് അത് 10 ലക്ഷം രൂപയ്ക്ക് വിറ്റ് പുതിയ മഹീന്ദ്ര ഥാര്‍ വാഹനം വാങ്ങുകയായിരുന്നു. പുതിയ വാഹനത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ അതേ അമ്മാവനെ തന്നെയാണ് സമര് വിളിച്ചത് എന്നതാണ് വിചിത്രമായ കാര്യം. ഈ സംഭവം സതാവെ ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏകദേശം ഒരു മാസം മുമ്പാണ് ഉമേഷ് ചവാന്റെ വീട്ടില്‍ നിന്ന് സമര് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സ്വര്‍ണ വ്യാപാരിയായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ഇയാള്‍ ആഭരണങ്ങള്‍ 10 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും, ആ പണം ഉപയോഗിച്ച് പുതിയ മഹീന്ദ്ര ഥാര്‍ വാഹനം വാങ്ങുകയും ചെയ്തു. പുതിയ വാഹനം വീട്ടിലെത്തിച്ച ശേഷം, അതിന്റെ പൂജയില്‍ പങ്കെടുക്കാന്‍ സമര് തന്റെ അമ്മാവന് ഉമേഷ് ചവാനെ ക്ഷണിച്ചു. എന്നാല്‍, പൂജയ്ക്കായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് അവ നഷ്ടപ്പെട്ട വിവരം ഉമേഷ് അറിയുന്നത്.
അടുത്തുതന്നെ സൂക്ഷിച്ചിരുന്ന ഉമേഷിന്റെ മുത്തശ്ശിയുടെ സ്വര്‍ണാഭരണങ്ങള്‍ അവിടെത്തന്നെയുണ്ടായിരുന്നു എന്നത് സംശയം വര്‍ധിപ്പിച്ചു. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. ഇതോടെ, കുടുംബവുമായി അടുത്ത ബന്ധമുള്ളവരോ അല്ലെങ്കില്‍ വീട്ടിലുള്ളവരോ തന്നെയാകാം മോഷണത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി.
രണ്ട് ദിവസം മുമ്പ്, ഉമേഷ് ചവാന് കൊഡോളി പൊലീസ് സ്റ്റേഷനില്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി നല്കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയില്‍, സമര് പെട്ടെന്ന് ഒരു പുതിയ കാര്‍ വാങ്ങിയതും അതിനായി പണം കണ്ടെത്തിയ രീതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
അന്വേഷണം ശക്തമാക്കിയതോടെ, സമര് കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ കൊഡോളി പോലീസ് സമര് ചവാനെയും സ്വര്‍ണ്ണ വ്യാപാരിയായ സംഗ്രാം മോറെയെയും കസ്റ്റഡിയിലെടുത്തു. ഡിഎസ്പി ശ്രീകാന്ത് തികാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.


Click it and Unblock the Notifications
