സ്വര്‍ണ നിധി തേടി യുവാക്കള്‍; സിനിമ വിശ്വസിച്ച് രാത്രി കോട്ടയ്ക്ക് അരികില്‍ കുഴിക്കുന്നു, അന്വേഷണം
ഭോപ്പാല്‍: മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ കോട്ടയ്ക്ക് അരികില്‍ രാത്രിയില്‍ വന്‍ ജനക്കൂട്ടം എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കോട്ടയോട് ചേര്‍ന്ന് പലയിടത്തായി സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ട് എന്ന അഭ്യൂഹം പരന്നതാണ് കാരണം. മൊബൈല്‍ വെളിച്ചവും ടോര്‍ച്ചുമെല്ലാമായി എത്തുന്ന യുവാക്കള്‍ കോട്ടയോട് ചേര്‍ന്ന പ്രദേശം കുഴിച്ച് പരിശോധിക്കുകയാണ്.
മൊബൈല്‍ വെളിച്ചതില്‍ വ്യാപകമായി കുഴിയെടുക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ബുര്‍ഹാന്‍പൂര്‍ ജില്ലാ കളക്ടര്‍ ഹര്‍ഷ് സിങ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗോള്‍ഡ് കോയിന്‍ തേടിയാണ് യുവാക്കള്‍ എത്തുന്നത് എന്നാണ് വിവരം. സംഭവത്തിലേക്ക് നയിച്ചത് ഒരു സിനിമയും അതിലെ കഥയുമാണ്...

15 നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് അസീര്‍ഗഡ് കോട്ട. ബുര്‍ഹാന്‍പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. ഒരുവേള കോട്ടയുടെ നിയന്ത്രണം മുഗള്‍ ഭരണാധികാരികള്‍ പിടിക്കുകയും ചെയ്തിരുന്നു. പിന്നീട് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാരാണ് കോട്ടയുടെ പരിപാലനം. നിലവില്‍ പുരാവസ്തു വകുപ്പിനാണ് കോട്ടയുടെ ചുമതല.
വിക്കി കൗശല്‍ നായകനായ വിവാദ ചിത്രം ഛാവ ഈ കോട്ടയുമായി ബന്ധപ്പെട്ട് കഥ പറയുന്നുണ്ടത്രെ. കോട്ടയ്ക്ക് ചുറ്റും സ്വര്‍ണം കുഴിച്ചിട്ടുണ്ട് എന്ന സിനിമ കണ്ടവര്‍ വിശ്വസിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് യുവാക്കള്‍ കൂട്ടമായി എത്തി കോട്ടയ്ക്ക് അരികില്‍ കുഴിച്ച് സ്വര്‍ണ നിധി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്.
പ്രവേശനം നിരോധിച്ചു
തുടര്‍ന്നാണ് ബുര്‍ഹാന്‍പൂര്‍ കളക്ടര്‍ ഹര്‍ഷ് സിങ് ഇടപെട്ടത്. എസ്ഡിഎം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. എല്ലാ മണ്ണ് പരിശോധനയും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. പ്രദേശത്തേക്കുള്ള ജനങ്ങളുടെ പ്രവേശനം നിരോധിച്ചു. ഈ മേഖല സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണിപ്പോള്‍. അതുകൊണ്ടുതന്നെ എന്തെങ്കിലും മൂല്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയാല്‍ അത് സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രദേശത്ത് സ്വര്‍ണ നിധി തേടി വരുന്നുണ്ടെന്ന് പ്രദേശവാസിയായ വസീം ഖാന്‍ പ്രതികരിച്ചു. അദ്ദേഹം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. കുഴിയെടുത്ത് മണ്ണ് അരിച്ചു പരിശോധിക്കുന്ന യുവാക്കളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളത്. മെറ്റല്‍ ഡിറ്റക്ടറുമായിട്ടാണ് ചിലര്‍ വന്നതത്രെ.
നിലവില്‍ പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചുറ്റും കൃഷി ഭൂമിയുള്ള പ്രദേശത്താണ് കോട്ട. ആളുകള്‍ കൂട്ടമായി എത്തി കുഴിയെടുക്കാന്‍ തുടങ്ങിയതോടെ കൃഷിക്കാര്‍ പ്രതിസന്ധിയിലായിട്ടുണ്ട്. പുരാവസ്തു വകുപ്പ് പ്രദേശത്ത് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചു എന്നതാണ് മറ്റൊരു പ്രധാന കാര്യം. പുരാവസ്തുക്കള്‍ ലഭിച്ചാല്‍ സര്‍ക്കാരിന് കൈമാറും.












Click it and Unblock the Notifications