10 ഗ്രാം സ്വര്‍ണത്തിന്റെ വിലകൊണ്ട് 650 ഗ്രാം വെള്ളി വാങ്ങാം..; വെള്ള ലോഹത്തിന് വന്‍ ഡിമാന്‍ഡ്
സ്വര്‍ണവില റെക്കോഡ് കുതിപ്പ് നടത്താന്‍ തുടങ്ങിയതോടെ പരമ്പരാഗത ആഭരണ വിപണിയില്‍ സ്വര്‍ണത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന വെള്ളി, ഇന്ത്യയില്‍ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നതും അത് പല ഇടത്തരം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും അപ്രാപ്യമാകുന്നതും വെള്ളിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 11-ന് നവരാത്രിയോടെ ആരംഭിക്കുന്ന ഉത്സവ സീസണില്‍ പ്രധാന ആകര്‍ഷണമായി മാറാന്‍ ഒരുങ്ങുന്ന വെള്ളിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ആഭരണങ്ങളും വിഗ്രഹങ്ങളും മുതല്‍ ഫര്‍ണിച്ചറുകള്‍ വരെ വിപണിയില്‍ അവതരിപ്പിക്കുകയാണ് വ്യാപാരികള്‍. ഈ ഉത്സവ സീസണില്‍ ആഭരണ വാങ്ങലുകളില്‍ വെള്ളിയുടെ പങ്ക് വര്‍ദ്ധിക്കുമെന്ന് ജ്വല്ലറി ഉടമകളും വ്യവസായ വിദഗ്ധരും ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

'സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം തലമുറ ഡയമണ്ട് ജ്വല്ലറി ഉടമയാണ് ഞാന്‍. എന്നാല്‍ ഇന്ന്, വജ്രത്തേക്കാള്‍ കൂടുതല്‍ വരുമാനം എനിക്ക് ലഭിക്കുന്നത് വെള്ളിയില്‍ നിന്നാണ്,' എസ്.എന്‍. ജ്വല്ലേഴ്‌സിലെ നഗ്‌നേഷ് പച്ചിഗാര്‍ പറഞ്ഞു. തന്റെ വാര്‍ഷിക വരുമാനത്തിന്റെ 35 ശതമാനത്തോളം ഇപ്പോള്‍ വെള്ളിയില്‍ നിന്നാണ് ലഭിക്കുന്നത് എന്നും നഗ്‌നേഷ് പച്ചിഗാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 10 ഗ്രാം 24-കാരറ്റ് സ്വര്‍ണത്തിന് ഏകദേശം 1.5 ലക്ഷം രൂപയാണ് വില. ഇതേ തുകയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഏകദേശം 650 ഗ്രാം വെള്ളി ലഭിക്കും. ഉപഭോക്തൃ പെരുമാറ്റത്തിലുണ്ടായ മാറ്റം കണക്കിലെടുത്ത്, ഈ ഉത്സവ സീസണില്‍ വെള്ളിയിലാണ് വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നത് എന്നും പച്ചിഗാര്‍ പറഞ്ഞു. താങ്ങാനാവുന്ന വിലയിലുള്ള സമ്മാനങ്ങളായി ഇടത്തരം വരുമാനക്കാര്‍ വെള്ളി ഉല്‍പ്പന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'വെള്ളി തീര്‍ച്ചയായും അടുത്ത സ്വര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. നവരാത്രിയില്‍ തുടങ്ങി ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവ സീസണില്‍ മാത്രം ഞങ്ങളുടെ വാര്‍ഷിക വെള്ളി വില്‍പ്പനയുടെ 40 ശതമാനവും നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' പച്ചിഗാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ ദീപാവലി സീസണില്‍ വെള്ളി വാങ്ങലില്‍ 17-18% വര്‍ധനവുണ്ടാകുമെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.
വിദേശനാണ്യ ചോര്‍ച്ച തടയുന്നതിനായി മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വെള്ളി ഇറക്കുമതി നിയന്ത്രണങ്ങള്‍ ജൂലൈയില്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ, വിതരണ രംഗത്ത് ഇപ്പോള്‍ തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടുള്ള പ്രതികരണം പെട്ടെന്നായിരുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ വെള്ളി ഇറക്കുമതി 1 ബില്യണ്‍ ഡോളറിലധികം വര്‍ധിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 127 ശതമാനം വര്‍ധനവാണ്.


Click it and Unblock the Notifications
