ലക്ഷങ്ങളുടെ സ്വർണം സമ്മാനം, താലത്തിൽ കെട്ടുകണക്കിന് പണം, 25 ലക്ഷം മാസവരുമാനമുളള യൂട്യൂബറുടെ വിവാഹം വിവാദത്തിൽ
സ്വര്‍ണത്തിന് വില പവന് ഒരു ലക്ഷം കടന്നാലും ഇനി 2 ലക്ഷം എത്തിയാലും വിവാഹത്തിന് സ്വര്‍ണമില്ലാതെ എങ്ങനെയാണ് എന്നാണ് നമ്മുടെ നാട്ടില്‍ പലരും ചിന്തിക്കുന്നത്. കടം വാങ്ങിയിട്ടായാലും സ്വത്ത് വിറ്റിട്ടായാലും സ്വര്‍ണം വാങ്ങി വിവാഹം നടത്തണമെന്ന് ആളുകള്‍ കരുതുന്നു. സ്ത്രീധനം നിയമവിരുദ്ധമാണെന്നിരിക്കേ സമ്മാനമെന്ന പേരിലാണ് ഇന്ന് വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം വരന് പണവും സ്വര്‍ണവും മറ്റും നല്‍കുന്നത്.
ഇതില്‍ നിന്ന് മാറി ചിന്തിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേ തയ്യാറാകുന്നുളളൂ എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന യൂട്യൂബര്‍ അരുണ്‍ പന്‍വാറിന്റെ വിവാഹ വീഡിയോ. 2025 ഡിസംബറിലെ വിവാഹ വീഡിയോ ഈ അടുത്താണ് വൈറലാകുന്നത്. അതിന് കാരണവും ഉണ്ട്.
യൂട്യൂബില്‍ 2.4 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉളള വ്‌ളോഗറാണ് അരുണ്‍ പന്‍വാര്‍. യൂട്യൂബ് ചാനല്‍ വഴി മാസം 20-25 ലക്ഷം വരെ ഇയാള്‍ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അരുണ്‍ പന്‍വാറിന്റെ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ പണമായും സ്വര്‍ണമായും നല്‍കിയ സമ്മാനങ്ങളുടെ കണക്ക് പറയുന്ന വീഡിയോ ആണ് സുമിത് എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പണമായി 71 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും ആണ് പെണ്‍വീട്ടുകാര്‍ അരുണ്‍ പന്‍വാറിന് നല്‍കിയത്. വൈറലാകുന്ന വീഡിയോയില്‍ കല്യാണ ചടങ്ങിനിടെ തന്നെ ഒരാള്‍ മൈക്കില്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെ കണക്കുകള്‍ നോക്കി വായിക്കുന്നത് കാണാം. ഇത് സ്ത്രീധനം അല്ലെന്നും വിവാഹത്തിന് നല്‍കുന്ന സമ്മാനം ആണെന്നും ആമുഖമായി പറഞ്ഞാണ് കണക്കുകള്‍ വായിക്കുന്നത്.
അരുണ്‍ പന്‍വാറിനും അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അടക്കമാണ് സ്വര്‍ണം നല്‍കിയത്. മാത്രമല്ല ഒരു താലത്തില്‍ 71 ലക്ഷം രൂപ കെട്ടുകളായി അടുക്കി വെച്ചത് വരന് കൈമാറുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സ്ത്രീധനത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.
ഇത് സ്ത്രീധനത്തിന്റെ മറ്റൊരു രൂപം തന്നെയാണെന്നും സമ്മാനമെന്ന് പറഞ്ഞ് കൊടുക്കുന്നത് കൊണ്ട് അതല്ലാതെ ആകുന്നില്ലെന്നുമാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീധനത്തെ സമ്മാനം എന്ന് പേരുമാറ്റുന്നത് അപമാനം ഒഴിവാക്കി ആചാരം നിലനിർത്തുന്നതിനുള്ള ഒരു അടവാണെന്ന് നിരവധി പേർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു. "ഈ ദുരാചാരം 2026-ലും ഉന്നതർക്കിടയിൽ നിലനിൽക്കുന്നു. ഇത് സാധാരണക്കാർക്കും പ്രോത്സാഹനമാവുകയാണ്. അവർക്കും ഇത് അർഹമാണെന്ന് അവർക്ക് തോന്നുന്നു" എന്നാണ് ഒരാൾ കുറിച്ചത്.
മറ്റൊരു ട്വീറ്റ് ഇങ്ങനെ: "ഈ വീഡിയോ പുറത്തു വന്നിട്ടും എന്തുകൊണ്ടാണ് വരനെയും കുടുംബത്തെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?" മൂന്നാമതൊരാൾ കൂട്ടിച്ചേർത്തു: "കാരണം ഇത് 'സംസ്കാര'മാണ്. പ്രഗത്ഭയായ ഒരു സർജനാണ് അദ്ദേഹത്തിന്റെ ഭാര്യയെന്നത് ദുഃഖകരമാണ്. വിദ്യാസമ്പന്നർ പോലും ഇത്തരം മോശമായ ആചാരങ്ങൾക്ക് വഴിയൊരുക്കുകയാണെങ്കിൽ, പിന്നെ ഒന്നും പറയാനില്ല. കൂടുതൽ സമ്മാനങ്ങൾക്കായി' അയാൾ അവളെ ഉപദ്രവിക്കില്ലെന്ന് കരുതുന്നു". അതേസമയം ഈ ആരോപണങ്ങളിൽ യൂട്യൂബർ അരുൺ പൻവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications