ഒരു ലക്ഷത്തിന് സ്വർണം വാങ്ങി, ഇന്ന് ലാഭം മാത്രം 30000; അതും മാസങ്ങള്‍ കൊണ്ട്: ഇപ്പോള്‍ എന്ത് ചെയ്യണം
ഈ വർഷം ഇതുവരെ സ്വർണ വിലയിലുണ്ടായത് ഞെട്ടിക്കുന്ന രീതിയിലുള്ള വർധനവ്. 2025 ന്റെ ആദ്യ എട്ട് മാസങ്ങളില്‍ സ്വർണ വിലയില്‍ 32 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്താക്കുന്നത്. അതായത് ജനുവരിയില്‍ ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ആള്‍ക്ക് ഇന്ന് അത് വിറ്റാല്‍ ഏകദേശം 1.30 ലക്ഷം രൂപയോളം ലഭിക്കും.
ജനുവരി 24-നാണ് ഇന്ത്യയില്‍ ആദ്യമായി 10 ഗ്രാം സ്വർണത്തിന്റെ വില 80000 രൂപ കടക്കുനത്. മാർച്ചോടെ വില 90000 രൂപയും കടന്ന്, ഇപ്പോൾ 1 ലക്ഷം രൂപയ്ക്ക് മുകളിലെത്തി നില്‍ക്കുകയാണ്. ആഗോള വിപണിയിലുണ്ടായ വർധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. മാർച്ചിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 3000 ഡോളർ കടന്നു. മേയ് ആദ്യത്തോടെ ഇത് 3392 ഡോളറായി. ജൂൺ 20-ന് വില 3,368 ഡോളറിനടുത്തായിരുന്നു.

അമേരിക്കയിലെ സാമ്പത്തിക അസ്ഥിരത, കടം വർധിക്കുന്നത്, ഡോളറിന്റെ മൂല്യത്തിൽ വിശ്വാസം കുറയുന്നത്, ലോകമെമ്പാടുമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയാണ് സ്വർണവില ഉയരാൻ പ്രധാന കാരണമെന്നാണ് മിറേ ആസറ്റ് ഷെയർഖാനിലെ കമ്മോഡിറ്റി വിഭാഗം മേധാവി പ്രവീൺ സിംഗ് വ്യക്തമാക്കുന്നത്.
വില ഉയർന്നത് ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ ഇടിവ് ഉണ്ടാക്കിയെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് (ഗോൾഡ് ഇടിഎഫ്) പണം ഒഴുകുന്നുണ്ട്. ജൂലൈയിൽ മാത്രം 1256 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് ഇ ടി എഫുകളിലേക്ക് എത്തിയത്. ഇ. ആഗോള തലത്തിൽ, 2025-ൽ ഇതുവരെ 310 മെട്രിക് ടൺ സ്വർണം ഈ ഫണ്ടുകളിൽ ചേർന്നതായും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. "നിക്ഷേപകരുടെ താൽപര്യം സ്വർണവില ഉയരാൻ ഒരു പ്രധാന കാരണമാണ്," പ്രവീൺ സിംഗ് കൂട്ടിച്ചേർത്തു.
സമീപഭാവിയില്‍ വിദഗ്ധർ സ്വർണവിലയിൽ ഉയർച്ചയും അപകടസാധ്യതകളും കാണുന്നുണ്ട്. കൊട്ടക് സെക്യൂരിറ്റീസിലെ കയ്നാത് ചൈൻവാല പറയുന്നത്, ആഗോള വിപണിയിൽ സ്വർണവില 3410 ഡോളറും ഇന്ത്യയിൽ 103000 രൂപയും വരെ എത്താമെന്നാണ്. എന്നാൽ വില 3311 ഡോളറിന് താഴേക്ക് പോയാൽ ഇന്ത്യയിലെ സ്വർണ വില 97500 രൂപവരെ എത്താം.
'അമേരിക്കൻ സെൻട്രൽ ബാങ്കിന്റെ നയങ്ങൾ, രാഷ്ട്രീയ പ്രശ്നങ്ങൾ, ഡോളറിന്റെ മൂല്യം കുറയുന്നത് എന്നിവ സ്വർണവിലയെ താങ്ങിനിർത്തും. ഒരു വർഷത്തിനുള്ളിൽ സ്വർണവില 4,000 ഡോളറും, കുറച്ച് വർഷങ്ങൾക്കുള്ളിൽ 4,500-5,000 ഡോളറും എത്തിയേക്കാം. ഈ സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ 10% സ്വർണം ആയിരിക്കുന്നതാണ് ഉചിതം' ചൈൻവാല പറഞ്ഞു. അതോടൊപ്പം തന്നെ നിലവിലെ ഉയർന്ന വിലയുടെ ആനുകൂല്യം മുതലെടുക്കാന്‍ നിക്ഷേപത്തിലെ പാതി വിറ്റ് പാതി കൈയ്യില്‍ തന്നെ കരുതുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications