സിനിമാ സ്‌റ്റൈലില്‍ കവര്‍ച്ച; മണപ്പുറം ശാഖയില്‍ നിന്നും മൂന്നു കോടിയുടെ സ്വര്‍ണം കവര്‍ച്ച ചെയ്തു
സര്‍ഗുജ: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ മണപ്പുറം ശാഖയില്‍ നിന്നും മൂന്നു കോടി കോടി രൂപയുടെ 12.8 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. അഞ്ചംഗ തോക്കുധാരികളാണ് സ്വര്‍ണം കവര്‍ച്ച ചെയ്തതെന്ന് പോലീസ് പറഞ്ഞു. 1.30 ലക്ഷം രൂപയും കവര്‍ച്ചക്കാര്‍ തട്ടിയെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
വൈകുന്നേരം 4.30ഓടെ ശാഖയിലേക്ക് ഇരച്ചുകയറിയ സംഘം പ്രധാന ഗേറ്റ് അടച്ചുപൂട്ടിയശേഷം ജീവനക്കാരെ ബന്ദികളാക്കുകയും അവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവുമായി കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസുകാരാണ് മുറിക്കുള്ളില്‍ പൂട്ടിയിട്ട ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

ബാങ്കില്‍ സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും ക്യാമറയും അവയുടെ റെക്കോര്‍ഡും കൊണ്ടാണ് കവര്‍ച്ചക്കാര്‍ സ്ഥലംവിട്ടത്. അതേസമയം, ബാങ്കിന് തൊട്ടടുത്തുള്ള കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. സ്ഥലത്തെ വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പരിശോധിച്ചെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് എസിപി സൂചിപ്പിച്ചു.












Click it and Unblock the Notifications