ആര്‍ആര്‍ആറിലൂടെ ഇന്ത്യയിലേക്ക് വീണ്ടും ഗോൾഡൻ ഗ്ലോബ്; 'നാട്ടു നാട്ടു' ഗാനത്തിന് പുരസ്‌കാരം
ദില്ലി: എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് വൈറൽ ഗാനത്തിന് അംഗീകാരം ലഭിച്ചത്.എംഎം കീരവാണി സംഗീതം നൽകിയ ഗാനം കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്.

പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്.സ്ലം ഡോഗ് മില്യണിനായിരുന്നു അവസാനമായി പുരസ്കാരം ലഭിച്ചത്. ചടുലമായ നൃത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഗാനം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിലേക്കും നാട്ടു നാട്ടു എന്ന ഗാനം നാമനിർദേശം ചെയ്തിട്ടുണ്ട്.
എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവർ പുരസ്കാരദാന ചടങ്ങിൽ എത്തിയിരുന്നു.1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള പിരീഡ് ഡ്രാമയാണ് ആർആർആർ.സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
ജൂനിയർ എൻടിആറും രാം ചരണുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ 1,200 കോടിയിലധികം നേടിയ ചിത്രം മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനകം നേടിയിട്ടുണ്ട്. ഗോൾൻ ഗ്ലോബിൽ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും ആർആർആർ നോമിനേഷനിൽ ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications