'നല്ലൊരു ഇഡ്ഡലി മേഘം പോലെ; നിങ്ങളോട സഹതാപം'; ശശി തരൂരിന്റെ ഈ പ്രസ്താവനയ്ക്കു പിന്നില്‍
പാലക്കാട് വേരുകളുള്ള ശശി തരൂര്‍ എംപിയുടെ ഇഡ്ഡലി പ്രേമം ഏറെ പ്രശസ്തമാണ്. ഇഡ്ഡലിക്കെതിരേ വരുന്ന ഏത് വിമര്‍ശനങ്ങളെയും അദ്ദേഹം എന്നും പ്രതിരോധിക്കാറുണ്ട്. നേരത്തെ ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശ പൗരന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ട്വീറ്റിന് തരൂര്‍ ചുട്ട മറുപടി കൊടുത്തിരുന്നു.
ഇപ്പോഴിതാ, കേരളത്തിലെ പ്രാതല്‍ വിഭവങ്ങള്‍ സംബന്ധിച്ച് ഒരാള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. താന്‍ പരമ്പരാഗത കേരളീയ വേഷത്തില്‍ ഇഡ്ഡലിയുണ്ടാക്കുന്നതിന്റെ ഒരു എഐ ജനറേറ്റഡ് ചിത്രത്തിനൊപ്പമാണ് തരൂര്‍ വിമര്‍ശനത്തിനെതിരേ പ്രതികരിച്ചത്. പോസ്റ്റില്‍ ഇഡ്ഡലിയുടെ മഹത്വത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ പ്രാതല്‍ വൈവിധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അനഘ എന്ന പ്രൊഫൈല്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയ്ക്കു കാരണമായത്. 'എന്തുകൊണ്ടാണ് എപ്പോഴും ദോശയും ഇഡലിയും. ഈ നാട്ടില്‍ വേറെ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഇല്ലേ?' എന്നാണ് അവര്‍ എക്‌സില്‍ ചോദിച്ചത്. അതിന് താഴെ മറുപടിയായി മറ്റൊരാള്‍ ഇങ്ങനെ കുറിച്ചു, 'ദോശയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. ആവിയില്‍ വേവിച്ച കുറ്റബോധത്തിന്റെ രുചിയാണ് ഇഡ്ഡലിക്ക്' എന്നായിരുന്നു അവരുടെ മറുപടി.

സമൂഹ മാധ്യമത്തില്‍ ദക്ഷിണേന്ത്യയിലെ ഭക്ഷണങ്ങളെക്കുറിച്ചുള്ള ഈ രണ്ട് പരാമര്‍ശമാണ് കാവ്യാത്മകമായി പ്രതിരോധിക്കാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. തരൂരിന്റെ സ്ഥിരം ശൈലിയില്‍ കടുപ്പമേറിയ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കൊണ്ടായിരുന്നു മറുപടി. 'ആ പാവം ഒരിക്കലും നല്ല ഇഡ്ഡലി കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. നല്ലൊരു മഹത്തായ ഇഡ്ഡലി ഒരു മേഘം പോലെ, അല്ലെങ്കില്‍ ഒരു മന്ത്രണം പോലെ, മനുഷ്യ നാഗരികതയുടെ പൂര്‍ണതയെക്കുറിച്ചുള്ള സ്വപ്നം പോലെ... എന്നിങ്ങനെയാണ് ഇഡ്ഡലിയെ തന്റെ പോസ്റ്റില്‍ തരൂര്‍ വാഴ്ത്തുന്നത്.
ഇതുകൊണ്ടും തരൂര്‍ മതിയാക്കുന്നില്ല. അദ്ദേഹം തുടരുന്നു: 'ഇത് ഒരു ഉദാത്തമായ സൃഷ്ടിയാണ്, അരിയുടെയും ഉഴുന്നിന്റെയും ലോലവും ഭാരമില്ലാത്തതുമായ ഒരു കഷണം. നാവില്‍ അലിഞ്ഞുചേരുന്ന അഭൗമമമായ മൃദുത്വം.
ഇഡ്ഡലിയുടെ പാചകരീതിയെ ബീഥോവന്റെ സിംഫണി, ടാഗോറിന്റെ സംഗീതം, എംഎഫ് ഹുസൈന്റെ പെയിന്റിങ്, ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി തുടങ്ങിയവയോടാണ് തരൂര്‍ പോസ്റ്റില്‍ താരതമ്യം ചെയ്യുന്നത്. 'ഇഡ്ഡലിയെ കുറിച്ച് മോശമെന്ന് പറയുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരങ്ങളോടുള്ള നിങ്ങളുടെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. നിങ്ങളോടെനിക്ക് സഹതാപം മാത്രമേയുള്ളൂ' എന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. പോസ്റ്റിനൊപ്പം പരമ്പരാഗത വേഷത്തില്‍ ഇഡ്ഡലിയുണ്ടാക്കുന്നതിന്റെ ഒരു എഐ ജനറേറ്റഡ് ചിത്രവും തരൂര്‍ പങ്കുവച്ചത് ശ്രദ്ധേയമായി.












Click it and Unblock the Notifications