പിഎം-കിസാൻ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; 2,000 രൂപയുടെ അടുത്ത ഗഡു ഈ മാസം 20ന്
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 23-ാം ഗഡു ജൂൺ 20ന് വിതരണം ചെയ്യും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപയാണ് ലഭിക്കുക. രാജ്യത്തെ 10 കോടിയോളം വരുന്ന കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
2019-ൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ പദ്ധതിയിലൂടെ അർഹരായ ഭൂവുടമസ്ഥരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയാണ് നൽകുന്നത്. മൂന്ന് തുല്യ ഗഡുക്കളായാണ് (2,000 രൂപ വീതം) തുക വിതരണം ചെയ്യുന്നത്. 22-ാം ഗഡു മാർച്ച് 13-നാണ് വിതരണം ചെയ്തത്. അന്ന് 9 കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിന്ന് ഗഡു വിതരണം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പിഎം കിസാൻ ഗഡു വിതരണ പരിപാടി കൂടിയായിരിക്കുമിത്.
കർഷകർ ശ്രദ്ധിക്കേണ്ടത്
ഗുണഭോക്താക്കൾ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ആധാർ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുമായി ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. നിർബന്ധിത പരിശോധനകൾ പൂർത്തിയാക്കാത്തവർക്ക് തുക ലഭിക്കുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
പിഎം കിസാൻ പോർട്ടലിൽ ഗുണഭോക്തൃ സ്ഥിതി പരിശോധിക്കുകയും, വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുകയും, ഗുണഭോക്തൃ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളിലൊന്നായ പിഎം-കിസാൻ ഗ്രാമീണ മേഖലയിലെ കർഷകരുടെ വരുമാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ദൈനംദിന ചെലവുകൾ, വിത്ത് വാങ്ങൽ, വളം, മറ്റ് കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.












Click it and Unblock the Notifications