ടെക്കികള്‍ക്ക് സന്തോഷവാര്‍ത്ത; ബെംഗളൂരുവില്‍ മൂന്ന് ഓഫീസുകള്‍ തുറക്കാന്‍ ഈ ടെക് കമ്പനി: 10000 ലേറെ അവസരങ്ങള്‍
ബെംഗളൂരു: അമേരിക്കയില്‍ തൊഴില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ ടെക്കികളുടെ വിദേശ ജോലി എന്ന സ്വപ്‌നത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കയിലെ ടെക് കമ്പനികള്‍ക്കും ഇന്ത്യയില്‍ നിന്ന് എച്ച്-1ബി വിസയില്‍ ഐടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുക എന്നുള്ളത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമായി മാറി. അതേസമയം, അമേരിക്ക വിസ നിയമങ്ങള്‍ കടുപ്പിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള ഇന്ത്യയുടെ ഐടി ഹബ്ബുകളിലേക്ക് വിദേശ ഐടി കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
അമേരിക്കയില്‍ ഒരു വിസ അപേക്ഷയ്ക്ക് ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെ ചിലവ് വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, പ്രഗത്ഭരായ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യയില്‍ തന്നെ നിയമിക്കുന്നതാണ് ലാഭകരമെന്ന് കമ്പനികള്‍ കരുതുന്നു.

ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ബെംഗളൂരുവില്‍ വന്‍തോതില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏകദേശം 20,000 പുതിയ ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കൂറ്റന്‍ ഓഫീസ് സമുച്ചയങ്ങളാണ് കമ്പനി നഗരത്തിലെ വൈറ്റ്ഫീല്‍ഡില്‍ പാട്ടത്തിനെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ അലമ്പിക് സിറ്റിയില്‍ മൂന്ന് ഓഫീസ് ടവറുകളിലായി 2.4 ദശലക്ഷം ചതുരശ്ര അടി സ്ഥലമാണ് ആല്‍ഫബെറ്റ് പാട്ടത്തിന് എടുത്തത്. ഇതില്‍ ആദ്യ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം അടുത്ത മാസങ്ങളില്‍ തന്നെ ആരംഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും.
നിലവില്‍ ഇന്ത്യയില്‍ 14,000 ജീവനക്കാരുള്ള ആല്‍ഫബെറ്റ്, പുതിയ നീക്കത്തിലൂടെ തങ്ങളുടെ ഇന്ത്യന്‍ സാന്നിധ്യം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ എച്ച്-1ബി വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കടുപ്പമേറിയതും ചെലവേറിയതുമായതാണ് ഐടി കമ്പനികളെ ഇന്ത്യ പോലുള്ള ചെലവു കുറഞ്ഞ വിദേശ വിപണികളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 1,90,000 ജീവനക്കാരുള്ള ആല്‍ഫബെറ്റ് ഇന്ത്യയില്‍ 14,000 പേരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ചിപ്പ് ഡിസൈന്‍ തുടങ്ങിയ മേഖലകളിലാകും പ്രധാനമായും നിയമനങ്ങള്‍ നടക്കുക. ആല്‍ഫബെറ്റിന് പുറമെ ഓപ്പണ്‍ എഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികളും ഇന്ത്യയില്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ആഗോള ഐടി കേന്ദ്രങ്ങളിലെ തൊഴിലവസരങ്ങള്‍ 25 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications