
ഇനി പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പത്ത് ലക്ഷം വരെ പണം അയക്കാം; വിശദമായി അറിയാം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും സന്തോഷവാര്‍ത്ത. പ്രവാസികള്‍ക്ക് ഇന്ത്യന്‍ അധികൃതരെ അറിയിക്കാതെ വിദേശത്തെ ബന്ധുക്കളില്‍നിന്ന് കൂടുതല്‍ പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കി കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആര്.എ)ത്തില്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതല്‍ വര്‍ഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്ക് അയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാന്‍ ആയിരുന്നു അനുമതി ഉണ്ടായിരുന്നത്.
അയക്കുന്ന പണം പത്തു ലക്ഷത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വ്യക്തികള്‍ക്ക് ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കാന്‍ 90 ദിവസത്തെ സമയമുണ്ടാകും എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. നേരത്തെ ഇത് മുപ്പത് ദിവസമായിരുന്നു അനുവദിച്ചത്. 2011ലെ എഫ്സിആര്‍എ നിയമത്തിലെ ആറ്, ഒമ്പത്, പതിമൂന്ന് ചട്ടങ്ങളാണ് ഭേദഗതി വരുത്തിയത്.
മിസ് ഇന്ത്യ 2022: വിജയ കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി

പ്രവാസി ബന്ധുക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചട്ടം ആറ്. വിദേശത്തു നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ ഉള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ് ചട്ടം ഒമ്പത്. വിദേശത്തു നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍/ സംഘടനകള്‍ എന്നിവയ്ക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയപരിധി മുപ്പതില്‍നിന്ന് 45 ദിവസമാക്കിയതായി ആണ് ഒമ്പതാം ചട്ടത്തിലെ ഭേദഗതി. ചട്ടം 13ലെ 'ബി' വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പണം സംഭാവന നല്കിയ ആള്, സ്വീകരിച്ച പണം, രശീതിയുടെ തിയ്യതി തുടങ്ങിയവ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും സ്വന്തം വെബ്സൈറ്റില്‍ ഡിക്ലയര്‍ ചെയ്യണം എന്ന വ്യവസ്ഥയാണ് നീക്കിയത്.

ഇതോടെ ഇനി മുതല്‍ എഫ്സിആര്‍എ പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നവര്‍ വിദേശസഹായം, ഇന്‍കം-എക്സ്പന്‍ഡിചര്‍ സ്റ്റേറ്റ്മെന്റ്, പേയ്മെന്റ് അക്കൗണ്ട്, ഓരോ വര്‍ഷത്തെയും ബാലന്‍സ് ഷീറ്റ് തുടങ്ങിയ എല്ലാ വിവരങ്ങളും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക വെബ്സൈറ്റിലോ കേന്ദ്രം നിര്‍ദേശിക്കുന്ന വെബ്സൈറ്റിലോ പ്രസിദ്ധപ്പെടുത്തണം. നേരത്തെ ഈ വിവരങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നു.

വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, ലക്ഷ്യം എന്നിവയില്‍ മാറ്റം വന്നാല്‍ അത് 45 ദിവസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. നേരത്തെ ഇത് 15 ദിവസമായിരുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കാന്‍ കഴിയില്ല. എന്‍ജിഒകളുടെ ഭാരവാഹികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് സംഭാവന ലഭിക്കുന്ന എല്ലാ എന്‍ജിഒകളും എഫ്.സി.ആര്.എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് ചട്ടം.വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആര്.എ)ത്തില്‍ ഭേദഗതി വരുത്തിയതോടെ പണം അയക്കുന്നതിലുള്ള നൂലാമാലകൾ ഒരുപധി വരെ കുറഞ്ഞുകിട്ടുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ. ചട്ടത്തിൽ ഭേദഗതി വരുത്തുന്നതോടെ വിദേശത്തുനിന്ന് കൂടുതൽ പണം രാജ്യത്ത് എത്തുമെന്ന പ്രതീക്ഷ കേന്ദ്ര സർക്കാറിനുണ്ട്.