ക്ഷേമനിധികളിൽ സജീവമല്ലാത്ത അംഗങ്ങൾക്കും 1000 രൂപ സഹായം; പ്രഖ്യാപനവുമായി സർക്കാർ
തിരുവനന്തപുരം; ലോക്ക് ഡൗൺ നീട്ടിയതോടെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് അിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ക്ഷേമനിധികളിൽ സജീവമല്ലാത്ത അംഗങ്ങൾക്കും ധനസഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 1000 രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. 6,22,373 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ കോൺട്രാക്റ്റ് വർക്കേഴ്സിനും കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

8500 രൂപ വീതമുള്ള ക്ഷേമപെൻഷനുകളുടെ വിതരണം ഏതാണ്ട് പൂർത്തിയായി. പെൻഷൻപറ്റാത്ത ക്ഷേമനിധി അംഗങ്ങൾക്കുള്ള 1000 രൂപയുടെ വിതരണം തുടരുകയാണ്. ഈ പട്ടികയിൽ പെടാത്തവർക്ക് ആശ്വാസ ധനസഹായമായി 1000/- രൂപ വീതം നൽകുന്നതിന് 62.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6,22,373 പേർക്ക് ഈ ആനുകൂല്യം ലഭിക്കും.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട / വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കും അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് നിർദ്ദേശിച്ച ബാർബർസ്, ബ്യൂട്ടീഷൻസ്, വീട്ടുജോലിക്കാർ, അലക്കുതൊഴിലാളികൾ, ക്ഷേത്രജീവനക്കാർ, പാചകത്തൊഴിലാളികൾ എന്നിവരിൽ ബന്ധപ്പെട്ട ക്ഷേമനിധികളിൽ പല കാരണങ്ങൾകൊണ്ട് ഇപ്പോൾ സജീവമല്ലാത്ത അംഗങ്ങളും ഈ പട്ടികയിൽ പെടും.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ബാക്കിയുള്ളവർക്ക് 5000 രൂപ മുതൽ 1ലക്ഷം രൂപ വരെയുള്ള ധനസഹായം നൽകുന്നതിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയ നഷ്ടം ലഭിച്ചവർ, സർക്കാരിൽ നിന്നും ക്ഷേമ പെൻഷനോ മറ്റു സാമ്പത്തിക സഹായമോ ലഭിച്ചവർ ഒഴികെ വ്യാപാരിക്ഷേമനിധി അംഗങ്ങളായ 80,000 പേർക്ക് ധനസഹായം നൽകുന്നതിന് 8 കോടി രൂപ അനുവദിച്ചു.
ബിഎസ്എൻഎൽ തൊഴിലാളികളെ കേന്ദ്രസർക്കാർ കൈവിട്ടിരിക്കുകയാണ്. 5000 ത്തോളം വരുന്ന ബിഎസ്എൻഎൽ കോൺട്രാക്ട് വർക്കേഴ്സിനും കൊവിഡ് ദുരിതാശ്വാസ സഹായം നൽകുന്നതാണ്. എല്ലാംകൂടി ഏതാണ്ട് 90 കോടി രൂപയുടെ സഹായം. സർക്കാരുണ്ട് കൂടെ..












Click it and Unblock the Notifications