'ജനാധിപത്യത്തെ സർക്കാർ ഇല്ലാതാക്കുന്നു'; എംപിമാരുടെ സസ്പെൻഷനിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്
ദില്ലി; സസ്‌പെന്‍ഡ് ചെയ്ത രാജ്യസഭ എം പിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. പാർലമെന്റിലെ ഗാന്ധി പ്രതിമയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വിജയ് ചൗക്കിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെയുടെ തിരുച്ചി ശിവ, ടിഎംസിയുടെ സൗഗത റോയ്, ആർജെഡി നേതാവ് മനോജ് കെ ഝാ, സി പി എം നേതാവ് എളമരം കരീം എന്നിവരും ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തയ്യാറല്ലെങ്കിൽ തങ്ങളേയും സസ്‌പെൻഡ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

12 എം പിമാരെ സസ്പെന്റ് ചെയ്ത നടപടി ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നതിന് തുല്യമാണെന്ന് പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എം പിമാരെ സസ്പെന്റ് ചെയ്ത് രണ്ടാഴ്ച ആകുന്നു. അവർ പുറത്ത് ഇരുന്ന് പ്രതിഷേധിക്കുകയാണ്. അവരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അവർ യാതൊരു തെറ്റും ചെയ്തിട്ടില്ല, രാഹുൽ ഗാന്ധി പറഞ്ഞു.പ്രധാനപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല. വിഷയങ്ങളിൽ ചർച്ച നടത്താൻ തയ്യാറാകുന്നില്ല. ബില്ലുകൾ തുടരെ തുടരെ പാസാക്കി എടുക്കുകയാണ്. ഇങ്ങനെയല്ല പാർലമെന്റ് ഭരണം നടത്തുന്നത്. പ്രധാനമന്ത്രി പാർലമെന്റിൽ വരുന്നില്ല. ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. ഇത് അത്യന്തം ദൗർഭാഗ്യകരമാണ്, രാഹുൽ ഗാന്ധി പറഞ്ഞു.
സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർ കഴിഞ്ഞ 14 ദിവസമായി ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധം നടത്തി വരികയാണ്. അതേസമയം എം പിമാർ മാപ്പു പറയാതെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സഭാ അധ്യക്ഷൻ. മാപ്പു പറയാതെ എംപിമാർ സഭയേയും അദ്ധ്യക്ഷനേയും അവഹേളിക്കുകയാണെന്ന് സഭ നേതാവ് പിയൂഷ് ഗോയൽ ആരോപിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നും സ്തംഭിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ബഹളം അവസാനിപ്പിച്ചാൽ സംസാരിക്കാൻ അവസരം നൽകാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നുവെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.ഇതോടെയായിരുന്നു സഭ ഇന്നും തടസപ്പെട്ടത്. അതേസമയം സംഭവത്തിൽ നാളെ ജന്തർമന്തറിൽ പ്രതിഷേധ ധർണ നടത്താനാണ് പ്രതിപക്ഷത്തിന്റെ തിരുമാനം.
എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്റ് ചെയ്തത്.വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി. ഇൻഷുറൻസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു സഭയിൽ ബഹളം ഉടലെടുത്തത്. മാർഷൽമാരെ എം പി മാർ കൈയ്യേറ്റം ചെയ്തെന്നാണ് രാജ്യസഭ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ട്. എംപിമാർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായാൽ തിരിച്ചെടുക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഈ നിർദ്ദേശം പ്രതിപക്ഷം തള്ളി. തെറ്റ് ചെയ്തവരാണ് ക്ഷമ ചോദിക്കേണ്ടതെന്നായിരുന്നു എളമരം കരീം പ്രതികരിച്ചത്. ബിജെപി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനതിനെതിരെ ശബ്ദമുയർത്തുകയാണ് ഞങ്ങൾ ഞങ്ങൾ ചെയ്തത്. അതിന്റെപേരിൽ പുറത്താക്കപ്പെട്ടാൽ പുറത്തുനിന്നുകൊണ്ട് അഭിമാനത്തോടെ സമരം തുടരും. തീർത്തും രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെ ഞങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എളമരം കരീം പറഞ്ഞിരുന്നു.
Recommended Video
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
ഫുലോ ദേവി നേതാം (കോണ്‍ഗ്രസ്), ഛായാ വര്‍മ (കോണ്‍ഗ്രസ്), ഋപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), സെയ്ദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), പ്രിയങ്കാ ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം പിമാർ. സഭയിലെ ബഹളത്തിന്റെ പേരിൽ ഒരു സമ്മേളന കാലത്ത് ഇത്രയും അംഗങ്ങളെ സസ്പെന്റ് ചെയ്യുന്നത് ഇത് ആദ്യമാണ്.












Click it and Unblock the Notifications