രാജ്യത്ത് പുതിയ ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം! ഇളവുകൾ ഏതൊക്കെയെന്നറിയാം
ദില്ലി: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് 40 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 3 വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് കടുത്ത ആശങ്കയാണ് വര്‍ധിപ്പിക്കുന്നത്.
കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന നിലയിലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ചൊവ്വാഴ്ച രാത്രിയോടെയാണ് കേന്ദ്രം പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരിക്കുന്നത്. രാജ്യത്തെ സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തില്‍ ചില നേരിയ ഇളവുകള്‍ മാത്രമാണ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ വ്യവസായ മേഖലയിലടക്കം ചില ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നു.

ചില മാറ്റങ്ങൾ മാത്രം
എന്നാല്‍ അത്തരത്തിലുളള വലിയ ഇളവുകളൊന്നും പുതിയ മാര്‍ഗരേഖയില്‍ ഇല്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിര്‍ബന്ധമായും നിയന്ത്രിക്കണം എന്ന് തന്നെയാണ് കേന്ദ്ര നിര്‍ദേശം. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി നിലനില്‍ക്കും. 24ാം തിയ്യതി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഓഫീസുകള്‍ അടഞ്ഞ് തന്നെ
സ്വകാര്യ- സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് തന്നെ കിടക്കും. പക്ഷേ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ഓഫീസുകള്‍, ട്രഷറി, ധനകാര്യമന്ത്രാലയം, പെട്രോളിയം, എല്‍പിജി, സിഎന്‍ജി ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, പോസ്റ്റ് ഓഫീസ്, ദുരന്ത നിവാരണ ഏജന്‍സി, എന്‍ഐസി, കംസ്റ്റസ് ക്ലിയറന്‍സ് പോലുളളവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം.

സംസ്ഥാനങ്ങളിലെ ഇളവുകൾ
സംസ്ഥാനങ്ങളിലെ പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍, ജയില്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, ട്രഷറി എന്നിവയ്ക്കുളള ഇളവുകള്‍ നേരത്തെ ഉളളത് പോലെ തുടരും. വൈദ്യുതി, ജലവിതരണം പോലുളള മേഖലകളില്‍ ഇളവുണ്ട്. വനംവകുപ്പ് ഓഫീസുകള്‍ക്ക് ഇളവുണ്ട്. സാമൂഹ്യ നീതി വകുപ്പിന് കുറഞ്ഞ സ്റ്റാഫിനെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം എന്നും പുതിയ മാര്‍ഗരേഖയിലുണ്ട്.

അമിത ഇളവ് വേണ്ട
നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുളള ഇളവ് നല്‍കും. ആശുപത്രികള്‍, മൃഗാശുപത്രികള്‍ അടക്കമുളള എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ഇളവുണ്ട്. റേഷന്‍ കട, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവയ്ക്കുളള ഇളവ് തുടരും.

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
പാല്‍, മീന്‍, മൃഗങ്ങള്‍ക്കുളള ഭക്ഷണം എന്നിവയ്ക്കുളള വില്‍പ്പനയ്ക്കും ഇളവ് തുടരും. ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നത് കുറയ്ക്കാന്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു. ബാങ്ക്, എടിഎമ്മുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍ ഇവയും അനുവദിക്കും. ഇവയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങള്‍ക്കും ഇളവുണ്ട്.

വ്യവസായ കേന്ദ്രങ്ങള്‍ക്ക് ഇളവ്
മാധ്യമങ്ങള്‍ക്ക് നേരത്തെയുളള ഇളവ് തുടരും. ടെലി കമ്മ്യൂണിക്കേഷന്‍ മേഖല, ഓണ്‍ലൈന്‍ വഴി ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ വില്‍പന അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി കേന്ദ്രങ്ങളും തുറക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ കോള്‍ സെന്ററുകള്‍ തുറക്കാം. ഗ്രാമീണ മേഖലയിലെ വ്യവസായ കേന്ദ്രങ്ങള്‍ക്ക് ഇളവുണ്ട്.
Recommended Video

സ്‌പെഷ്യല്‍ ട്രെയിനുകളില്ല
ആരാധനാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ആലോചിക്കുന്നില്ലെന്നും കേന്ദ്രം പറയുന്നു. അതേസമയം ചരക്ക് നീക്കം സുഗമമാക്കും. വ്യോമഗതാഗതവും ആരംഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. പൊതുഗതാഗത സംവിധാനങ്ങളും നിശ്ചലമായി തന്നെ തുടരും. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ എന്നും കേന്ദ്രം വ്യക്തമാക്കി.












Click it and Unblock the Notifications