ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനം
പനാജി: ഗോവയില്‍ ബിജെപി ഭരണത്തിന് അന്ത്യമാകുമെന്ന് സൂചന. കോണ്‍ഗ്രസ് കരുനീക്കം ശക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണാന്‍ രാജ്ഭവനിലെത്തി.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനായി ദില്ലിയിലെ എയിംസില്‍ ചികില്‍സയിലാണ്. മാസങ്ങളായി അദ്ദേഹം മുഖ്യമന്ത്രിയുടെ ജോലികളില്‍ സജീവമല്ല. ഇക്കാര്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത് ഉച്ചയ്ക്ക് ശേഷമാണ്. ഗവര്‍ണര്‍ മൃദുല സിന്‍ഹ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷത നഷ്ടമായെന്നും സര്‍ക്കരിനെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ ക്ഷണിക്കണം
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ക്ക് രാജ്ഭവനില്‍ കത്ത് നല്‍കി. രണ്ട് കത്തുകളാണ് രാജ്ഭവനില്‍ നല്‍കിയിരിക്കുന്നത്. ഗോവ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്.

സഭയിലെ അംഗബലം ഇങ്ങനെ
40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇതില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളുണ്ട്. ബിജെപിക്ക് 14ഉം. എംജിപി, ജിഎഫ്പി എന്നീ കക്ഷികളുടെ മൂന്ന് വീതം എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി ഗോവയില്‍ ഭരിക്കുന്നത്. പരീക്കര്‍ അസുഖബാധിതനായതോടെ സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.

ചൊവ്വാഴ്ച വീണ്ടുമെത്തും
രാജ്ഭവനില്‍ എത്തിയ ശേഷം പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ മാധ്യമങ്ങളുമായി സംസാരിച്ചു. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വീണ്ടുമെത്തി ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അതിനു വേണ്ടി പ്രത്യേക അനുമതി ചോദിച്ചിട്ടുണ്ട്.

16 എംഎല്‍എമാരും ഒപ്പുവച്ചു
ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ചന്ദ്രകാന്ത് പറഞ്ഞു. തങ്ങളുടെ 16 എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണം ആവശ്യപ്പെടുന്ന രണ്ട് കത്തുകള്‍ ഗവര്‍ണര്‍ക്ക് കൈമായെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പിരിച്ചുവിടരുത്
അടുത്ത മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലി ബിജെപി സഖ്യത്തില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. സഖ്യകക്ഷിളുമായി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. സമവായത്തിലെത്തിയില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഒരു കാരണവശാലും സഭ പിരിച്ചുവിടരുതെന്ന് കോണ്‍ഗ്രസ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ആര്‍ക്കും ഭൂരിപക്ഷമില്ല
ഗോവയില്‍ 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ചെറുപാര്‍ട്ടികളുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നായിരുന്നു ബിജെപി നീക്കം. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതും ബിജെപിയെ ആയിരുന്നു.

പരീക്കറിന്റെ സ്വാധീനം
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി ആയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ചെറുപാര്‍ട്ടികളുടെ നിലപാട്. തുടര്‍ന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ രാജിവച്ച് ഗോവയിലെ മുഖ്യമന്ത്രിയാകാന്‍ എത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെയാണ് കോണ്‍ഗ്രസിന് ശക്തി പകരുന്നതും.

ഗോവയ്ക്ക് മുഖ്യമന്ത്രിയെ തരൂ
പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ ചെറുകക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം. പരീക്കര്‍ അസുഖ ബാധിതനായി അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയ വേളയില്‍ കോണ്‍ഗ്രസ് വ്യാപക പ്രചാരണം നടത്തിയിരുന്നു. ഗോവയ്ക്ക് മുഖ്യമന്ത്രിയെ തരൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയോട് ആവശ്യപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിജെപിയുടെ പ്രതികരണം
അതേസമയം, ഗോവ സര്‍ക്കാര്‍ നിലവിലെ സ്ഥിതിയില്‍ തുടരുമെന്ന് ബിജെപി വ്യക്തമാക്കി. സര്‍ക്കാര്‍ സുസ്ഥിരമല്ല എന്ന കോണ്‍ഗ്രസിന്റെ വാദം ബിജെപി തള്ളി. നേതൃത്വം മാറണമെന്ന് ബിജെപിയില്‍ ആവശ്യം ശക്തമായെന്ന വാര്‍ത്തയും തെറ്റാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് റാം ലാല്‍ പറയുന്നു.

കര്‍ണാടകയും ഗോവയും
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചില സംഭവങ്ങള്‍ ഗോവയിലും ചര്‍ച്ചയായിരുന്നു. കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷി ബിജെപിയാണ്. ഭരിക്കുന്നത് രണ്ടും മൂന്നും സ്ഥാനക്കാര്‍ ചേര്‍ന്നുണ്ടാക്കിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും. ഗോവയില്‍ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണ്. പക്ഷേ ഭരിക്കുന്നത് രണ്ടാംസ്ഥാനക്കാരായ ബിജെപി.

സുപ്രീംകോടതി ഇടപെട്ടു
കോണ്‍ഗ്രസ് വലിയ കക്ഷിയായ മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ബിജെയാണ് മറ്റു കക്ഷികളുടെ സഹായത്തോടെ ഭരണം പിടിച്ചത്. കര്‍ണാടക വിഷയത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതോടെയാണ് ബിജെപി ഒതുങ്ങിയത്.












Click it and Unblock the Notifications