75വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങൾക്ക് നിങ്ങൾക്കും പേരിടാം; എങ്ങനെയെന്നോ
മാർച്ച് അവസാനത്തോടെയായിരുന്നു ആ സന്തോഷവാർത്ത എത്തിയത്. 75വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു. ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ആണ് നമീബിയൻ ചീറ്റ സിയായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഈ ചീറ്റക്കുട്ടികൾക്ക് പേരിടാൻ മത്സരം നടത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
പേരിടൽ മത്സരത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കേന്ദ്ര സർക്കാരും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ട്വീറ്റ് ചെയ്തു. ആവേശകരമായ വാർത്തയെന്ന് പറഞ്ഞാണ് കേന്ദ്രത്തിന്റെ മൈ ഗവൺമെന്റ് ഇന്ത്യ എന്ന ട്വിറ്റർ പേജിൽ നിന്നും മത്സരവിവരം പങ്കുവച്ചുള്ള ട്വീറ്റ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പേരിടൽ മത്സരം നടക്കുന്നത്. ഇതിന്റെ ലിങ്ക് ട്വീറ്റുകളിൽ പങ്കുവച്ചിട്ടുണ്ട്.

'കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റക്കുട്ടികൾ പിറന്നു. പേരിടൽ മത്സരത്തിൽ പങ്കെടുത്ത് ഈ കുഞ്ഞുങ്ങൾക്ക് തനതായ പേരുകൾ നിർദേശിക്കുക. അവയോട് നമുക്ക് കുറച്ച് സ്നേഹം കാണിക്കാം'- മൈ ഗവൺമെന്റ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'കുനോയിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള സമയമായി'- ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. 'നിങ്ങൾ നൽകുന്ന പേര് കുനോയിലെ പുതിയ അതിഥികളുടെ ഐഡന്റിറ്റിയാകാം'- എന്നാണ് ശിവരാജ് സിങ് ചൗഹാന്റെ ട്വീറ്റ്.
'പ്രൊജക്ട് ചീറ്റ'യുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയൻ ചീറ്റകളിൽ ഒന്നായ 'സിയ' കഴിഞ്ഞമാസം 29നാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നമീബിയയിൽ നിന്ന് എട്ട്, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 എന്നിങ്ങനെ മൊത്തം 20 ചീറ്റകളെയാണ് ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു.
മാർച്ച് 27 ന് കുനോയിൽ ഒരു പെൺ ചീറ്റ സാഷ വൃക്കരോഗം ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഈ വാർത്ത. 2022 ൽ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ കുനോയിൽ വിട്ടയച്ച നമീബിയൻ ചീറ്റകളിൽ ഒന്നാണ് സാഷ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്.
ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.












Click it and Unblock the Notifications