ഇനി എയർ സുവിധ രജിസ്‌ട്രേഷൻ വേണ്ട; നിർദ്ദേശം പരിഷ്ക്കരിച്ച് കേന്ദ്രം
ഡൽഹി: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കുള്ള എയർ സുവിധ രജിസ്‌ട്രേഷൻ ഒഴിവാക്കി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാർ നിർബന്ധമായി എയർ സുവിധ ഫോമുകൾ പൂരിപ്പിക്കണം എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. ഇത് തിങ്കളാഴ്ച മുതൽ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയർ സുവിധ സംവിധാനം നിർബന്ധമാക്കിയത്. കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ്
രജിസ്ട്രേഷൻ ഒഴിവാക്കി കൊണ്ടുള്ള ഇപ്പോഴത്തെ തീരുമാനം. ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നിർബന്ധമായും പൂരിപ്പിക്കേണ്ട സ്വയം പ്രഖ്യാപന ഫോമായിരുന്നു ഇത്.

ഫോമിൽ യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും സമീപകാല യാത്രാ വിശദാംശങ്ങൾ അടക്കമുള്ളവയും പൂരിപ്പിച്ച് നൽകേണ്ടിയിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് മാർഗ നിർദ്ദേശങ്ങൾ പരിഷ്‌കരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
സുസ്ഥിരമായി കോവിഡ് കുറയുകയും ആഗോളതലത്തിലും ഇന്ത്യയിലും COVID-19 വാക്‌സിനേഷൻ കവറേജിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെ വെളിച്ചത്തിൽ 'അന്താരാഷ്ട്ര ആഗമനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ" , ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പരിഷ്‌ക്കരിച്ചതായാണ് അറിയിപ്പിൽ.
എന്നാൽ യാത്രക്കാർ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ മാസ്‌കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ, കൊവിഡിനുള്ള എല്ലാ മുൻകരുതൽ നടപടികളും തുടരുന്നതാണ് അഭികാമ്യം എന്നും വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിമാനയാത്രികർക്ക് മാസ്‌ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ ഉത്തറവിറക്കിയിരുന്നു. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികർക്ക് ഇനി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം. മാസ്‌ക് ധരിക്കണമോയെന്ന കാര്യത്തിൽ യാത്രക്കാർക്ക് സ്വയം തീരുമാനമെടുക്കാം. ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. എങ്കിലും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിലാണ് യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാക്കിയത്.
രണ്ടുവർഷത്തോളം കാലമാണ് നിയന്ത്രണം നിലനിന്നത്. കോവിഡ് വ്യാപനഘട്ടത്തിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാൻ എത്തിയവരെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവരെയും നോ ഫ്ലൈ ലിസ്റ്റിൽപ്പെടുത്തിയിരുന്നു.
അതേസമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. വിമാനകമ്പനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാനയാത്രക്ക് മാസ്ക് ഒഴിവാക്കുകയായിരുന്നു.












Click it and Unblock the Notifications