വിജയ് മല്യയുടെ ആസ്തികള്‍ ലേലം ചെയ്യും, 812കോടിയുടെ സേവന നികുതിയും അടച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
ദില്ലി: മദ്യരാജാവ് വിജയ് മല്യയെ കുരുക്കാന്‍ ബാങ്കുകള്‍ക്ക് പിന്നാലെ സര്‍ക്കാരുമെത്തി. സേവന നികുതി പോലും വിജയ് മല്യ അടച്ചിട്ടില്ലെന്നാണ് പറയുന്നത്. 812 കോടിയുടെ സേവന നികുതിയാണ് വിജയ് മല്യ അടയ്ക്കാനുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ തുക തിരിച്ചു പിടിക്കാനായി വിജയ് മല്യയുടെ ആസ്തികള്‍ ലേലത്തിന് വെക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
മല്യയുടെ സ്വകാര്യ വിമാനവും ലേലത്തിന് വെക്കുന്നതായിരിക്കും. എയര്‍ബസ് എസിജെ 319 എന്ന വിമാനമാണ് ലേലത്തിന് വെക്കുന്നത്. ഇതുകൂടാതെ, അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും കൂടിലേലത്തിന് വെയ്ക്കും. 812 കോടിയില്‍ 32കോടി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് യാത്രക്കാരില്‍ നിന്ന് ശേഖരിച്ച് സര്‍ക്കാരില്‍ അടയ്‌ക്കേണ്ടതായിരുന്നു.

ലേല നടപടിയുമായി മുന്നോട്ട് പോകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ലേലത്തുക ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. മെയ് മാസത്തില്‍ ലേലം നടക്കുന്നതായിരിക്കും.
സേവന നികുതി അടയ്ക്കാത്ത മല്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, 50ലക്ഷം നല്‍കി ആ കേസില്‍ നിന്ന് മല്യ ഊരി പോരുകയായിരുന്നു. ബാങ്കും സര്‍ക്കാരും മല്യയ്‌ക്കെതിരെ തിരിഞ്ഞതോടെ മല്യയ്‌ക്കെതിരെയുള്ള കുരുക്ക് ഒന്നു കൂടി മുറുകുകയാണ്.












Click it and Unblock the Notifications