മധ്യപ്രദേശില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി; ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടു, വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍
ഭോപ്പാല്‍: 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ ന്യൂനപക്ഷമായി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാശ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്. തിങ്കളാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നത്. അന്ന് തന്നെ വിശ്വാസം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
കമല്‍നാഥ് സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11 ന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് അറിയിച്ചു. സര്‍ക്കാറിനോട് തിങ്കളാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി നേതൃത്വം ശനിയാഴ്ച ഗവര്‍ണറെ കണ്ടിരിന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

അവകാശമില്ല
22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാറിന് തുടര്‍ന്ന് ഭരിക്കാന്‍ ഭരണഘടനപരമായ അവകാശമില്ലെന്നും ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ബിജെപി നേതാക്കള്‍ പറഞ്ഞു. മുന്‍മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാന്, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു ഗവര്‍ണറെ കണ്ടത്.

സന്ദര്‍ശനത്തിന് പിന്നാലെ
കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നതില്‍ ന്യായീകരണം ഇല്ലെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി 12 മണിയോടെ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മുഖ്യമന്ത്രി കമല്‍നാഥിനാണ് ഗവര്‍ണര്‍ കത്ത് നല്‍കിയിരിക്കുന്നത്.

കത്തില്‍ പറയുന്നത്
നിലവില്‍ ന്യൂനപക്ഷ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളതെന്നും അത്തരമൊരു സാഹചര്യത്തില്‍ ബിജെപി ഉന്നയിക്കുന്ന ആരോപണത്തിന് കഴമ്പുണ്ടെന്നും കമല്‍നാഥിന് നല്കിയ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാജ് ഭവനിലെത്തി കമല്‍നാഥും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ട് നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചിരുന്നു.

സ്വാതന്ത്രം ഇല്ല
സര്‍ക്കാറിന് വിശ്വാസം തെളിയിക്കേണ്ടതുണ്ടെന്നായിരുന്നു ഗവര്‍ണറ കണ്ട ശേഷവും കമല്‍നാഥ് പ്രതികരിച്ചത്. സ്വാതന്ത്രം ഉണ്ടെങ്കില്‍ സര്‍ക്കാറിന് വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷെ 22 എംഎല്‍എമാര്‍ തടവിലാക്കപ്പെടുമ്പോള്‍ എന്ത് സ്വാതന്ത്രമാണ് ഉള്ളത്. ചിലര്‍ പറയുന്നു മധ്യപ്രദേശിലേക്ക് തിരിച്ചെത്തുമെന്ന്, പക്ഷെ എപ്പോഴാണ് അവര്‍ തിരിച്ചെത്തുകയെന്നും അദ്ദേഹം ചോദിച്ചു.

തയ്യാറായില്ല
മാര്‍ച്ച് 16 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നാണ് ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ കമല്‍നാഥ് വ്യക്തമാക്കിയത്. രാജി പ്രഖ്യാപിച്ചവര്‍ വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീക്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിമതര്‍ തയ്യാറായിട്ടില്ല. ഇതോടെ രാജിക്ക് അംഗീകാരം നല്‍കാതെ വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്.

മുന്നറിയിപ്പ്
കോണ്‍ഗ്രസ് അംഗമാണ് സ്പീക്കര്‍. നേരിട്ട് ഹാജരായില്ലെങ്കില്‍ സ്പീക്കര്‍ക്ക് വേണമെങ്കില്‍ വിമത എംഎല്‍എമാരുടെ രാജി അംഗീകരിക്കാതിരിക്കാം. ഈ അവസരത്തില്‍ സഭയില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കും. അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നല്കിയ വിപ്പ് ലംഘിച്ച് ബിജെപിക്ക് അനുകൂലമായി നിന്നാല്‍ കുറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുമെന്ന മുന്നറിയിപ്പ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

വെല്ലുവിളി
22 അംഗങ്ങള്‍ രാജി പ്രഖ്യാപിച്ചതോടെ 230 അംഗ നിയമസഭയില്‍ സര്‍ക്കാറിന് 92 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. അതേസമയം, മറുവശത്ത് ബിജെപിക്ക് 107 അംഗങ്ങളുടേയും പിന്തുണയുണ്ട്. നിലവിലെ അവസ്ഥയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്.
കോവിഡ് 19: തിരുവനന്തപുരം ജില്ലയിൽ പുതുതായി 87 പേർ കൂടി നിരീക്ഷണത്തിൽ, ആകെ 986