ബോഫോഴ്‌സിന് ശേഷം ഇന്ത്യ ആദ്യമായി പീരങ്കികള്‍ വാങ്ങുന്നു
ദില്ലി: ബോഫോഴ്‌സ് വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം ആദ്യമായി പീരങ്കികള്‍ വാങ്ങുന്നു. ഇതിന് കേന്ദ്ര പ്രതിരോധ മന്ത്രി അനുമതി നല്‍കി. 15,550 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ സേനക്ക് വേണ്ടി 814 പീരങ്കികളാണ് ഒരുങ്ങുന്നത്. ഇതില്‍ 100 എണ്ണം മാത്രമാണ് വാങ്ങുന്നത്. ശേഷിക്കുന്ന 714 എണ്ണം വിദേശ സഹായത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് പദ്ധതി.

പ്രതിരോധമന്ത്രിയായി ചമതലയേറ്റതിന് ശേഷം മനോഹര്‍ പരീക്കര്‍ വിളിച്ചുചേര്‍ത്ത ആദ്യ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സിലില്‍ ആണ് പീരങ്കികള്‍ വാങ്ങാനുളള അനുമതി നല്‍കിയത്. എന്നാല്‍ രണ്ട് പ്രധാന ഇടപാടുകളില്‍ തീരുമാനം മാറ്റിവച്ചിട്ടും ഉണ്ട്.
എയര്‍ഫോഴ്‌സിന്റെ അവ്‌റോ യാത്രാ വിമാനങ്ങള്‍ക്ക് പകരം പുതിയ 56 വിമാനങ്ങള്‍ നിര്‍മിക്കുന്നതും 106 സ്വിസ് പിലാറ്റസ് പരിശീലന വിമാനങ്ങള്‍ വാങ്ങുന്നതും ആണ് തീരുമാനമെടുക്കാതെ മാറ്റിവച്ചത്. ടാറ്റ സണ്‍സും എയര്‍ബസും സംയുക്തമായാണ് അവ്‌റോ വിമാനങ്ങള്‍ക്ക് പകരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കാന്‍ അപേക്ഷിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണം എന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
പൊതു സ്വകാര്യ കമ്പനികള്‍ക്ക് പീരങ്കി നിര്‍മാണത്തിന് അപേക്ഷിക്കാമെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ കമ്പനികളായ എല്‍ആന്‍ഡ്ടി, ടാറ്റ, ഭാരത് ഫോര്‍ഗ് എന്നീ കമ്പനികള്‍ ഇതിനായി അപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1986 ല്‍ ആയിരുന്നു ബോഫോഴ്‌സ് പീരങ്കി വിവാദം ഉയരുന്നത്. രാജ്യത്ത് രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു ബോഫോഴ്സ് ഇടപാട് സൃഷ്ടിച്ചത്. പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ബോഫോഴ്‌സ് ഇടപാടിന് ശേഷം ഇന്ത്യ പീരങ്കികള്‍ വാങ്ങിയിരുന്നില്ല.












Click it and Unblock the Notifications