ശമ്പളം കുത്തനെ ഉയരും; ഈ ഒറ്റക്കാര്യമാണ് നിര്‍ണായകം, കുറഞ്ഞ സാലറി 44280 ആയി ഉയരാന്‍ സാധ്യത
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ പഠനം തുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം കൂട്ടിക്കിഴക്കാന്‍ തുടങ്ങി. വലിയ രീതിയിലുള്ള മാറ്റം ശമ്പളത്തില്‍ വരുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അവരുടെ പ്രതിമാസ വരുമാനം കൂടും.
മുന്‍ ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലാണ് എട്ടാം ശമ്പള കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ശമ്പളം എത്ര നല്‍കണം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. 18 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫിറ്റ്‌മെന്റ് ഫാക്ടറാണ് ശമ്പള വര്‍ധനവ് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണെന്ന് കമ്മീഷന്‍ നിര്‍ണയിക്കും. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്ന വേളയിലാണ് ഇത് എത്രയാണ് എന്ന് വ്യക്തമാകുക. നിലവിലെ സാമ്പത്തിക-വിപണി സാഹചര്യം പരിശോധിച്ചാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്ര വേണം എന്ന് കമ്മീഷന്‍ തീരുമാനിക്കുക.
1.86 നും 2.57നുമിടയില്‍ ആയിരിക്കും ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.83 കണക്കാക്കിയാല്‍ ഇത് 32940 രൂപയായി ഉയരും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.46 ആയി കണക്കാക്കിയാല്‍ അടിസ്ഥാന ശമ്പളം 44280 രൂപയായി ഉയരും. അതുകൊണ്ടുതന്നെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണ് എന്നത് നിര്‍ണായകമാണ്.
ശമ്പളത്തില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ
ഏറ്റവും കുറഞ്ഞത് 14 ശതമാനവും ഏറ്റവും കൂടിയത് 54 ശതമാനവും വരെ ശമ്പളത്തില്‍ ഉയര്‍ച്ച വരുമെന്നാണ് അംബിത് കാപിറ്റല്‍ വിലയിരുത്തുന്നത്. 54 ശതമാനം വര്‍ധനവ് വരുത്തിയാല്‍ സര്‍ക്കാരിന് വലിയ ബാധ്യത വരും. അതുകൊണ്ടുതന്നെ അത്രയും വര്‍ധനവ് വന്നേക്കില്ല എന്ന വിലയിരുത്തലുമുണ്ട്. അടിസ്ഥാന ശമ്പളം പരിശോധിച്ചാണ് മറ്റു ആനുകൂല്യങ്ങളെല്ലാം തീരുമാനിക്കുക.
അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആര്‍എ, ടിഎ എന്നിവയെല്ലാം ചേരുന്ന തുകയാണ് ജീവനക്കാര്‍ക്ക് പ്രതിമാസം ലഭിക്കുക. എച്ച്ആര്‍എയും ടിഎയും ജോലി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ച് മാറ്റം വരും. അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് എച്ച്ആര്‍എ നല്‍കുക. കാലാവധി അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്നു ഡിഎ നല്‍കിയിരുന്നത്.
എന്നാല്‍ പുതുക്കിയ ശമ്പളം എന്നു മുതല്‍ നടപ്പാക്കുമെന്നതും പ്രധാനമാണ്. രണ്ട് വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനും വേണ്ടി വന്നേക്കാം. ഇത് ശരിയാണെങ്കില്‍ 2028 ജനുവരി മുതലായിരിക്കും പുതിയ ശമ്പളം കിട്ടുക. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.












Click it and Unblock the Notifications