സാധാരണക്കാരന്റെ പോക്കറ്റടിച്ച് കേന്ദ്രം; പെട്രോള്‍, ഡീസല്‍ തീരുവ വര്‍ധിപ്പിച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചതിന് പിന്നാലെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവനുമേലുള്ള ഭാരം വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 37 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ബ്രാന്‍ഡഡ് ഒരു ലിറ്റര്‍ പെട്രോളിന്‍മേലുള്ള എക്‌സൈസ് തീരുവ 19.73 രൂപയിലെത്തി. ബ്രാന്‍ഡഡ് അല്ലാത്ത ഒരു ലിറ്റര്‍ പെട്രോളിന്‍മേലുള്ള എക്‌സൈസ് തീരുവ 13.83 രൂപയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുമ്പോഴെല്ലാം എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. അടുത്തിടെ മൂന്നു തവണയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. നവംബര്‍ 7ന് എക്‌സൈസ് തീരുവ ഒരു ലിറ്റര്‍ പെട്രോളിന് 1.60 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഡിസംബര്‍ 16ന് 1.17 രൂപയും ഏറ്റവും ഒടുവിലായി 37 പൈസയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 59.35 രൂപയും ഡീസലിന് 45.03 രൂപയുമാണ്. വ്യാഴാഴ്ചാണ് ഒരി ലിറ്റര്‍ പെട്രോളിന് 63 പൈസയും ഡീസല്‍ ലിറ്ററിന് 1.06 പൈസയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇതിന് തൊട്ടു പിന്നാലെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകൂല്യം സര്‍ക്കാര്‍ തടയുകയും ചെയ്തു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഏറ്റവും താഴ്ന്നിരിക്കുന്ന അവസ്ഥയിലും വിലക്കുറവിന്റെ ആനുകൂല്യം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിലക്കുറവിന്റെ ആനുകൂല്യം മുതലെടുത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പരമാവധി ലാഭം കൊയ്യുമ്പോള്‍ സ്വകാര്യ എണ്ണക്കമ്പനികളും കോടികളുടെ ലാഭമാണ് വിപണിയില്‍ നിന്നും നേടുന്നത്.












Click it and Unblock the Notifications