കൈക്കൂലിയുടെ രാജാവിന് ഒടുവില്‍ സസ്‌പെന്‍ഷന്‍
ലക്‌നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ ഉത്തര്‍പ്രദേശിലെ എഞ്ചിനീയര്‍ യാദവ് സിംഗ് എന്നായിരിക്കും ഉത്തരം. അനധികൃത സമ്പാദ്യം നേടിയെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും ഭരണ സ്വാധീനത്തില്‍ പിടിച്ചുനിന്ന ഈ ഉദ്യോഗസ്ഥന് ഒടുവില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചു.
കൈക്കൂലി വാങ്ങുക മാത്രമല്ല, മാറിവരുന്ന സര്‍ക്കാരുകളില്‍ വന്‍ സ്വാധീനമുണ്ടാക്കാനും രാഷ്ട്രീയ നേതാക്കളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും സമര്‍ത്ഥനായിരുന്നു യാദവ് സിംഗ്. ആദായനികുതി വകുപ്പ് റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നുമായി മാത്രം 1000 കോടിയുടെ സ്വമ്പാദ്യത്തിന്റെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

100 കോടിയോളം രൂപവരുന്ന വജ്രങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍നിന്നും പിടിച്ചെടുത്ത വജ്രങ്ങള്‍ കണ്ട് ഉദ്യോഗസ്ഥര്‍ പോലും അത്ഭുതപ്പെട്ടുപോയി. കൂടാതെ 10 കോടിയുടെ കറന്‍സി, വിലകൂടിയ വാഹനങ്ങള്‍, ഒട്ടേറെ ബാങ്കുകളിലെ നിക്ഷേപങ്ങള്‍. വ്യാജ കമ്പനികളുടെ രേഖകള്‍, ബിനാമി വസ്തു ഇടപാടുകള്‍ എന്നിവയെല്ലാം അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തു.
പൊതുമരാമത്ത് വകുപ്പില്‍ നോയിഡ അതോറിട്ടിയുടെ ചീഫ് എന്‍ജിനിയറായി മുന്‍ മുഖ്യമന്ത്രി മായാവതി ഇയാളെ നിയോഗിച്ചതോടെയാണ് അഴിമതി തുടങ്ങിയതെന്ന് പറയുന്നു. 12 വര്‍ഷത്തിനിടയ്ക്ക് 8,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇയാള്‍ അനുമതി നല്‍കിയിരുന്നു. മിക്കതും ടെന്‍ഡര്‍പോലും വിളിക്കാതെയാണ് നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തെളിവുകള്‍ നശിപ്പിക്കാനും കേസില്‍ നിന്ന് രക്ഷിക്കാനും പല ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.












Click it and Unblock the Notifications