ശ്രീനഗറിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; നിരവധി പേർക്ക് ഗുരുതര പരുക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രേനേഡ് ആക്രമണം. ഏഴോളം പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് തീവ്രവാദികൾ ഗ്രനേഡ് ആക്രണണം നടത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 5ാം തീയതി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്വരയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണങ്ങളും തുടരുകയാണ്. ഈ പശ്ചാത്തലത്തിലും ആക്രമണം ഉണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സിറ്റി സെന്ററായ ലാൽ ചൗക്കിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീർ പോലീസും സിആർപിഎഫും തിരച്ചിൽ നടത്തുകയാണ്. മാർക്കറ്റിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 14ഓളം പേർക്ക് പരുക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ ഓഫീസിന് സമീപമായിരുന്നു ആക്രമണം നടത്തിയത്.












Click it and Unblock the Notifications