ബിജെപിക്ക് കുരുക്കിട്ട ചോദ്യങ്ങളുമായി മഹാസഖ്യം; അമിത് ഷായുടെ മൗനം നിതീഷിന് താക്കീത്

ബിഹാറില്‍ രാഷ്ട്രീയ പോരാട്ടം പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുന്നു. സീറ്റ് വിഭജനത്തെ ചൊല്ലി ഉണ്ടായ വിള്ളലുകള്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് മഹാസഖ്യം മറികടന്നിരിക്കുന്നു. പകരം നിങ്ങളുടെ മുഖ്യമന്ത്രി ആരെന്ന് തേജസ്വിയെക്കൊണ്ടു തന്നെ ചോദിപ്പിച്ച് എന്‍ഡിഎയെ പ്രതിസന്ധിയിലുമാക്കിയിരിക്കുന്നു. പത്തിലധികം സീറ്റുകളില്‍ മഹാസഖ്യം മുഖാമുഖം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അഞ്ചിടത്ത്. അവിടെ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതുകൊണ്ട് സൗഹൃദമത്സരം ഉറപ്പാണ്. നര്‍കാട്ടിയ ഗഞ്ച്, വൈശാലി, രാജാപകാര്‍, കഹല്‍ഗാവ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും പരസ്പരം പോരാടും. ബച്ച് വാഡ, റോസെരാ, ബിഹാര്‍ ഷെരീഫ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐയുമാണ് മുഖാമുഖം വരുന്നത്.

bihar election 2025

രണ്ടാം ഘട്ടത്തിലെ ബാക്കിയിടങ്ങളില്‍ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞു. വര്‍സാലിഗഞ്ച്, ലാല്‍ഗഞ്ച്്, പ്രാണ്‍പൂര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആര്‍ജെഡിക്കായി പിന്മാറി. ബാബുബര്‍ഹി മണ്ഡലത്തില്‍ ആര്‍ജെഡിക്കെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും പിന്‍വലിച്ചു. മഹാസഖ്യത്തിലെ ആശയക്കുഴപ്പം മുതലാക്കാന്‍ എന്‍ഡിഎ ശ്രമിച്ചതാണ്.

എന്നാല്‍ വിരലിലെണ്ണാവുന്നിടത്തെ സൗഹൃദമത്സരം വലിയ കാര്യമായി കാണേണ്ടതില്ലെന്ന നിലപാടാണ് മഹാസഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ആദ്യമേതന്നെ എടുത്തത്. അതുവഴി മഹാസഖ്യത്തിലെ നീറുന്ന പ്രശ്‌നമല്ല അതെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതുമാത്രമല്ല 2020ല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് മഹാഗഡ്ബന്ധന് തന്നെ പൂര്‍ണ രൂപമായതെന്നും ആ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും ഉറച്ച സഖ്യമായി അത് മാറിയിരിക്കുന്നെന്നും തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും പല വട്ടം സീറ്റ് ചര്‍ച്ചകള്‍ നടന്നത് മുന്നണിയുടെ ജനാധിപത്യ സ്വഭാവത്തെയാണ് കാട്ടുന്നതെന്നുമുള്ള ആഖ്യാനം ഉണ്ടാക്കാനും മഹാസഖ്യ നേതൃത്വത്തിന് സാധിച്ചു.

മഹാസഖ്യത്തിന്റെ നിര്‍ണായക ചോദ്യം

അതുകൊണ്ടാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയായും ഉയര്‍ത്തിക്കാട്ടിയതിനെ സഖ്യത്തിലെ കെട്ടുറപ്പായി അവതരിപ്പിച്ചുകൊണ്ട് അതിനപ്പുറത്തേയ്ക്ക് മഹാസഖ്യം ഇപ്പോള്‍ കടന്നിരിക്കുന്നത്. നിതീഷാണ് മുഖ്യമന്ത്രി എന്നു പറയാന്‍ ധൈര്യമുണ്ടോ എന്നാണ് എതിര്‍പാളയത്തോടുള്ള ചോദ്യം. മറ്റാരോടുമല്ല.

യഥാര്‍ത്ഥത്തില്‍ ആ തീരുമാനം പറയേണ്ട മോദിയോടും അമിത്ഷായോടും തന്നെ. അതൊരു സാധാരണ ചോദ്യമല്ല. എന്‍ഡിഎയ്ക്കുള്ളില്‍ അവിശ്വാസം മൂര്‍ച്ഛിപ്പിക്കാനുള്ള തന്ത്രപരമായ ചോദ്യമാണത്. സീറ്റ് തര്‍ക്കമല്ല നേതൃതര്‍ക്കമാണ് വലിയ പ്രതിസന്ധിയെന്ന് ഇതിലൂടെ വരുത്തിത്തീര്‍ക്കാനും മഹാസഖ്യ നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് പോരാട്ടച്ചൂട് ഉയരുമ്പോള്‍ മഹാസഖ്യം പ്രതിരോധത്തിലല്ല ഊന്നുന്നത്, ആക്രമണത്തിലാണെന്ന് വ്യക്തം.

എന്‍ഡിഎ എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നില്ല. എന്തുകൊണ്ട് ആ ചോദ്യം മഹാസഖ്യം സജീവമാക്കി നിര്‍ത്തുന്നു. ഈ രണ്ടിനുമുള്ള ഉത്തരം കിട്ടിയാല്‍ ജനവിധി വരാനിരിക്കുന്ന ബിഹാര്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ ഗതി എന്താണെന്ന് വ്യക്തമാകും. അതാണ് ഇവിടെ പരിശോധിക്കുന്നത്.

അമിത് ഷായുടെ പ്രതികരണം

ബിഹാറിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ ഒക്ടോബര്‍ 16നാണ് അമിത് ഷായുടെ നിര്‍ണായക പ്രതികരണം വരുന്നത്. ഫലം വന്ന ശേഷം എന്‍ഡിഎയുടെ എംഎല്‍എമാര്‍ നേതാവിനെ തിരഞ്ഞെടുക്കും എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. പ്രത്യക്ഷത്തില്‍ സ്വാഭാവികമെന്നു തോന്നാം. കാരണം അതാണ് നടപടിക്രമം. എന്നാല്‍ അതില്‍ അടങ്ങിയ രാഷ്ട്രീയാര്‍ത്ഥമാണ് പ്രധാനം. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരുക്കമല്ലെന്ന്. അത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു തീരുമാനമല്ല. ഓരോരോ കണ്ണികളായി ബിജെപി നടപ്പാക്കി വരുന്ന പദ്ധതിയുടെ പമര പ്രധാനമായ ഒരു ഭാഗമാണ്.

bihar election 2025

ബിജെപിയും ജെഡിയുവും ഇത്തവണ തുല്യ എണ്ണം സീറ്റുകളിലാണ് മത്സരിക്കുന്നത് എന്നതാണ് അതിലെ ഒരു പ്രധാന കണ്ണി. കഴിഞ്ഞ തവണ നിതീഷിന്റെ ജെഡിയുവാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത്. കൂടുതല്‍ ജയം പക്ഷെ ബിജെപിക്കായിരുന്നു. അന്ന്, അതായത് 2020ല്‍ ബിജെപി 110 സീറ്റുകളിലാണ് മത്സരിച്ചത്. ജെഡിയു 115 സീറ്റുകളിലും. അത് പ്രതീകാത്മകമായിരുന്നു.

സഖ്യത്തിലെ മുഖ്യകക്ഷി നിതീഷാണെന്ന പ്രഖ്യാപനം അതിലുണ്ടായിരുന്നു. അതാണ് ഇക്കുറി മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. അന്ന് 74 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ജെഡിയു 43 ഇടത്തും. ഫലം വന്ന ഉടന്‍ അന്ന് അമിത് ഷാ പറഞ്ഞതും ഇപ്പോള്‍ പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ജെഡിയുവിനേക്കാള്‍ ആധികാരിക വിജയം നേടിയിട്ടും നിതീഷ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് അമിത് ഷാ ഉടനടി പ്രഖ്യാപിച്ചു.

ഒരു നടപടിക്രമത്തെപ്പറ്റിയും അമിത് ഷാ അന്നു പറഞ്ഞില്ല. അപ്പോള്‍ ആ രണ്ട് സാഹചര്യവുമല്ല ബിജെപി മുന്‍കൂട്ടിത്തന്നെ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. തുല്യ എണ്ണം സീറ്റുകളില്‍ മത്സരിക്കുക വഴി മുന്നണിയില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ വലിപ്പച്ചെറുപ്പമില്ല. ഫലം എന്തായാലും നിതീഷ് തന്നെ എന്ന ഉടനടി പ്രഖ്യാപനം ഉണ്ടാവുകയുമില്ല. മോദിയും ഷായും അണിയറയില്‍ രൂപപ്പെടുത്തുന്ന കണ്ണികള്‍ ഒന്നൊന്നായി ഇങ്ങനെ വ്യക്തമാകുകയാണ്.

നിതീഷ് എന്ന മഹാ പ്രതിഭാസം

ലോക്‌സഭയിലും നിയമസഭകളിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് വമ്പന്‍ വിജയങ്ങള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ബിഹാറില്‍ ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ ബിജെപിക്ക് ഇതുവരെയായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എല്ലാം നേടിയ മോദിക്കും അമിത്ഷായ്ക്കും അപ്രാപ്യമാണ് ഇപ്പോഴും ബിഹാര്‍. അത് സ്വന്തമാക്കാന്‍ മോദി-ഷാ ദ്വന്ദ്വം തുനിയില്ലേ. അതിന് ആദ്യം ഇളക്കേണ്ടത് നിതീഷ് എന്ന ശക്തിദുര്‍ഗത്തെയാണ്. കാരണം നിതീഷ് വല്ലാത്തൊരു പ്രതിഭാസമാണ്. സ്വപക്ഷത്തോ മറുപക്ഷത്തോ എന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയാത്ത പ്രതിഭാസം.

2013ല്‍ നിതീഷ് ബിജെപിയുമായി കൂട്ടുവെട്ടി. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തീരുമാനിച്ച ഘട്ടത്തിലായിരുന്നു മോദി വിരുദ്ധനായ നിതീഷിന്റെ കളംമാറ്റം. 2015ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യ സര്‍ക്കാരുണ്ടാക്കി. 2017ല്‍ എന്‍ഡിഎയിലേയ്ക്ക് തിരിച്ചു വന്നു. 2022ല്‍ വീണ്ടും മഹാസഖ്യത്തിലേയ്ക്ക്. 2024ല്‍ വീണ്ടും എന്‍ഡിഎ കൂടാരത്തില്‍. ഇതുവഴി 2005 മുതല്‍ 2025 വരെയുള്ള ഇരുപത് നിതീഷ് വര്‍ഷങ്ങള്‍.

അത് ബിഹാറിനോടും കേന്ദ്രത്തോടും പറഞ്ഞത് എന്താണ്. ബിഹാറില്‍ നിതീഷ് ഇല്ലാതെ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ല എന്നല്ലേ. അതിനി തനിക്ക് എത്ര കുറച്ച് സീറ്റാണ് കിട്ടുന്നതെങ്കില്‍ പോലും. ഈ രാഷ്ട്രീയ അട്ടിമറികളുടെ ആവര്‍ത്തനം അവസാനിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും ഈ തെരഞ്ഞെടുപ്പില്‍. കാരണം 2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോദിയ്ക്ക് ഒരിക്കലും നിതീഷ് ഒരു വെല്ലുവിളി ആയിരുന്നില്ല.

എന്നാല്‍ ഇത്തവണ അങ്ങനെയല്ല സ്ഥിതി. മോദിയുടെ ഭരണസുസ്ഥിരതയ്ക്ക് നിതീഷിന്റെ പിന്തുണ അനിവാര്യമാണ്. അതുകൊണ്ട് ഇതിനു മുമ്പ് അതായത് 2005 മുതല്‍ നിതീഷ് മുഖ്യമന്ത്രിയായി തുടര്‍ന്ന പോലെയല്ല ഇത്തവണ നിതീഷ് ആ സ്ഥാനത്തേയ്ക്ക് എത്തുക. അത് നിതീഷില്‍ മോദിയുടെ ആശ്രയത്വം കൂട്ടുന്ന ഒന്നുകൂടിയാകും. ബിഹാറിലല്ല മോദിക്കുമേലാണ് നിതീഷിന്റെ ആധികാരികത ഇത്തവണ ഉറപ്പിക്കപ്പെടുക. അതിന് എന്തിന് മോദി സഹായം ചെയ്തുകൊടുക്കണം. അത് മുന്നില്‍ക്കണ്ടു കൊണ്ടുള്ളതായിരുന്നു അമിത് ഷായുടെ ഒക്ടോബര്‍ 16ലെ വെടിപൊട്ടിക്കലും അനുബന്ധ നീക്കങ്ങളും.

ബിജെപിയുടെ കളികള്‍ ആവര്‍ത്തിക്കുമോ

ഒരുകാര്യം മാത്രമാണ് മോദി-ഷാ കൂട്ടുകെട്ട് ഉറപ്പിച്ചു പറയുന്നത്. ബിഹാറില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത് നിതീഷായിരിക്കും എന്നതു മാത്രം. അതും പക്ഷെ നിതീഷിനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയല്ല. ബിജെപി മുമ്പ് തുറന്നിട്ട ചില സാധ്യതകള്‍ ബിഹാറിലേയ്ക്കു കൂടി കൊണ്ടുവരാനുള്ള വാതിലാണ് അത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും സാധ്യതകളാണ് ബിഹാറിനു മുന്നിലും നിലനില്‍ക്കുന്നത്.

2023ല്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം മോദിക്ക് വാരിക്കോരി സീറ്റുകള്‍ സമ്മാനിച്ച ശിവരാജ്‌സിംഗ് ചൗഹാന്‍. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നുകൊണ്ട് മോദിയെ കടത്തിവെട്ടാന്‍ തുനിഞ്ഞ ശിവരാജ്‌സിംഗ് ചൗഹാന്‍. നാലാം വട്ടവും മികച്ച വിജയം നേടിയെടുക്കാന്‍ ശിവരാജ്‌സിംഗ് ചൗഹാന് കഴിയുകയും ചെയ്തു. എന്നിട്ട് സംഭവിച്ചതോ. മോദിയുടെ റെക്കോഡ് ഭേദിക്കപ്പെട്ടില്ല. അധികമാരും കേട്ടിട്ടില്ലാത്ത മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി. ചൗഹാനെ കേന്ദ്രമന്ത്രിയാക്കി തന്റെ കീഴിലാക്കുകയും ചെയ്തു മോദി.

ഇത് സ്വന്തം പാര്‍ട്ടിക്കകത്ത് നടത്തിയ നീക്കമായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ കണ്ടത് ഉറ്റ സഖ്യകക്ഷിക്ക് കൊടുത്ത പ്രഹരമായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. പക്ഷെ ഫലം വന്നപ്പോള്‍ മുഖ്യമന്ത്രിയായത് ദേവേന്ദ്ര ഫഡ്‌നവിസ്. അതാണ് ബിഹാറില്‍ ഒരുപക്ഷെ നിതീഷിനായി മോദി കാത്തുവച്ചിരിക്കുന്നത്. നിതീഷിനെതിരായ നീക്കത്തില്‍ ബിജെപിക്ക് ബിഹാര്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ പിന്തുണയുണ്ടെന്നതും പരസ്യമായ രഹസ്യം. അതുകൊണ്ടാണ് നിതീഷിന് നിലപാട് കടുപ്പിക്കാന്‍ കഴിയാത്തതും.

തുടരും...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q