സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്റെ മകന്‍ ചന്ദ്രകുമാര്‍ ബോസ് ബിജെപിയില്‍ അംഗത്വം നേടി. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി റാലിക്കിടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നുമാണ് ചന്ദ്ര കുമാര്‍ ബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് വ്യക്തിപരമായ കാര്യമാണ്. ഓരോരുത്തരും അവരുടെ ചിന്താഗതിക്ക് അനുയോജ്യമായ പാര്‍ട്ടിയിലാണ് ചേരുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ചിന്താഗതിയില്‍ വിശ്വസിക്കുന്നവരാണ് ബിജെപി. അതുകൊണ്ടുതന്നെയാണ് ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പുകഴ്ത്താനും ചന്ദ്ര കുമാര്‍ ബോസ് മറന്നില്ല. ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ 100 രഹസ്യ ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത് അഥ്യന്തം ശ്ലാഘനീയമാണ്. സര്‍ക്കാര്‍ പൊതുതാത്പര്യമുള്ള കാര്യങ്ങളൊന്നും ഒളിച്ചുവെക്കാതെ തുറന്നു പറയുന്നവരാകണമെന്നാണ് തന്റെ കാഴ്ചപ്പാട്.
രാജ്യത്തെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവതാണ് സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍. ഇത്രയും കാലം മറ്റു സര്‍ക്കാരുകള്‍ അത് പുറത്തുവിടാന്‍ മടിച്ചപ്പോള്‍ നരേന്ദ്രമോദി വിഷയത്തില്‍ കാണിച്ച താത്പര്യം തന്നെ സന്തോഷവാനാക്കുന്നു. സര്‍ക്കാരിന്റെ സുതാര്യത ഇത്തരത്തിലുള്ളതാകണമെന്നും ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.












Click it and Unblock the Notifications