'ഹിന്ദിക്ക് ഗ്രാന്റ്; കന്നഡയോട് രണ്ടാനമ്മ നയം'; കന്നഡ ദിനത്തില്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി സിദ്ധരാമയ്യ
ബെംഗളൂരു: ഭാഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവില്‍ നടന്ന കന്നട ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ഭാഷകളെ കേന്ദ്രം അവഗണിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. അതിനായി ഗ്രാന്റുകള്‍ അനുവദിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ക്ലാസിക്കല്‍ ഭാഷകളില്‍ ഒന്നായ കന്നഡ അവഗണിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയോട് രണ്ടാനമ്മ മനോഭാവമാണ് കാണിക്കുന്നത്. വിദ്യാഭ്യാസത്തില്‍ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും വര്‍ദ്ധിച്ചു വരുന്ന ആധിപത്യത്തില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. കുട്ടികളുടെ തനതായ സര്‍ഗാത്മകതയെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുട്ടികളുടെ വേരുകളില്‍ നിന്ന് അവരെ അറുത്തു മാറ്റുകയാണ്.

ഭാഷാ വിവാദത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രൂക്ഷമായ പ്രതികരണം നടത്തിയതോടെ കേന്ദ്ര സര്‍ക്കാരുമായുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പോരു മുറുകുകയാണ്. തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടക്കുന്നത്.
കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ദേശീയ ഖജനാവിലേക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഭവ വിഹിതം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുന്നതാണ്.
കേന്ദ്രത്തിന് സംസ്ഥാനം 4.5 ലക്ഷം കോടി രൂപ വരുമാനം നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നിഷേധിച്ച് തുച്ഛമായ തുകയാണ് നല്‍കുന്നത്. ഹിന്ദിയും സംസ്‌കൃതവും പ്രോത്സാഹിപ്പിക്കാന്‍ ഉദാരമായ ഗ്രാന്‍ഡുകള്‍ അനുവദിക്കുമ്പോള്‍ ക്ലാസിക്കല്‍ ഭാഷയായ കന്നഡ ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളെ കേന്ദ്രം അവഗണിക്കുകയാണ്. ഇത് അന്യായമാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. കന്നഡ വിരുദ്ധരായ എല്ലാവരെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തില്‍ കന്നട നേരിടുന്ന അവഗണന മൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയില്‍ ചിന്തിക്കുകയും പഠിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ സാഹചര്യം അതിനെതിരാണ്. ഇംഗ്ലീഷും ഹിന്ദിയും നമ്മുടെ കുട്ടികളുടെ തനതായ കഴിവുകളെ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍ മാതൃഭാഷ പഠന മാധ്യമമായി കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ വരേണ്ടതുണ്ട്. കേന്ദ്രം ഈ ദിശയിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാഷാ, സംസ്‌കാരം, സ്വത്വം എന്നിവര്‍ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ചേര്‍ത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ഭാഷാ പൈതൃകം സംരക്ഷിക്കുന്നതില്‍ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications