വിവാഹവേദിയില്‍ വരനെ കാമുകി മര്‍ദ്ദിച്ചു; വധുവിന് വരന്റെ സഹോദരനുമായി വിവാഹം
ഹരിദ്വാര്‍: സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വിവാഹവേദിയിലുണ്ടായ കൈയ്യാങ്കളിക്കൊടുവില്‍ വധു വരന്റെ ഇളയ സഹോദനെ വിവാഹം ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കഴിഞ്ഞദിവസം നടന്ന വിവാഹ ചടങ്ങിനിടെയാണ് അത്യപൂര്‍വ സംഭവം അരങ്ങേറിയത്. വരന്റെ മുന്‍ കാമുകി വിവാഹവേദിയിലെത്തിയതാണ് ചടങ്ങ് അലങ്കോലമാകാന്‍ ഇടയായത്.
വരനും വധുവും മാലചാര്‍ത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സുഹൃത്തിനൊപ്പം പൊടുന്നനെ വിവാഹവേദിക്കരികിലെത്തിയ മുന്‍ കാമുകി വരന്റെ മുഖത്തടിക്കുകയായിരുന്നു. തന്നെ വഞ്ചിച്ച് മറ്റൊരാള്‍ക്ക് താലി ചാര്‍ത്താന്‍ അനുവദിക്കില്ലെന്ന് കാമുകി ആക്രോശിച്ചു. വര്‍ഷങ്ങളായി വരനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും തങ്ങള്‍ രഹസ്യമായി വിവാഹം ചെയ്തിരുന്നതായും യുവതി അവകാശപ്പെട്ടു.

എന്നാല്‍, താനുമായി തെറ്റിയ യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി അറിഞ്ഞാണ് വിവാഹ മണ്ഡപത്തിലെത്തിയതെന്നും യുവതി പറഞ്ഞു. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഇരുപക്ഷത്തും ചേര്‍ന്ന് വാക്കേറ്റം നടത്തി. വരന്റെ ബന്ധുക്കള്‍ യുവതിയെ ബലമായി വേദിക്കരികില്‍ നിന്നും മാറ്റി വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും വധു വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
മറ്റൊരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചയാളെ വരനായി വേണ്ടന്നായിരുന്നു വധുവിന്റെ തീരുമാനം. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി ഇരു ഭാഗത്തെ ബന്ധുക്കളും പ്രദേശത്തെ പഞ്ചായത്തിനെ സമീപിച്ചു. വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രശ്‌നം തീര്‍ക്കാനായിരുന്നു പഞ്ചായത്തിന്റെ നിര്‍ദ്ദേശം. വധു ഇത് അംഗീകരിച്ചതോടെ വരന്റെ സഹോദരന്‍ വധുവിന് താലിചാര്‍ത്തി.












Click it and Unblock the Notifications