കോണ്‍ഗ്രസില്‍ പിടിമുറുക്കി ജി23, സിബല്‍ തുടക്കമിട്ടു, രാഹുലിനെതിരെ പടയൊരുക്കം
ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കി ജി23. വര്‍ക്കിംഗ് കമ്മിറ്റി സോണിയ തുടരണമെന്ന് പറഞ്ഞത് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ വിമതര്‍ക്കായി അത്താഴവിരുന്ന് ഒരുക്കാന്‍ പോവുകയാണ് കബില്‍ സിബല്‍. നാളെ തന്നെ ചര്‍ച്ച തുടങ്ങുമെന്നാണ് സൂചന. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് നീക്കം. പാര്‍ട്ടിയില്‍ നിന്ന് ഗാന്ധി കുടുംബം വിട്ടുനില്‍ക്കണമെന്ന ആവശ്യം സിബല്‍ അടക്കമുള്ളവര്‍ ശക്തമാക്കുകയാണ്. ശശി തരൂരിനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞിട്ടില്ല.

ഗാന്ധി കുടുംബത്തിന് പഴയ പോലെ വോട്ട് പിടിക്കാനാവുന്നില്ല എന്നതാണ് സത്യം. ഇത് നേതാക്കളില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫലം വന്നതിന് പിന്നാലെ ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയില്‍ സീനിയര്‍ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരെല്ലാം യോഗത്തിനെത്തി. ചില നേതാക്കള്‍ വിര്‍ച്വലി യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരുടെയും കോണ്‍ഗ്രസാണ് തനിക്ക് വേണ്ടതെന്ന് നേരത്തെ സിബല്‍ പറഞ്ഞിരുന്നു. ഗാന്ധി കുടുംബം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിബലിനെ അടക്കം കടുത്ത വിമര്‍ശനങ്ങള്‍ കൊണ്ട് ഭയപ്പെടുത്തുകയാണ്.
കഴിഞ്ഞ എട്ട് വര്‍ഷമായി എടുത്ത് പറയാവുന്ന ജയങ്ങളൊന്നും കോണ്‍ഗ്രസ് നേടിയിട്ടില്ല. അതാണ് നേതാക്കളെയെല്ലാം ഭയപ്പെടുത്തുന്നത്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് സുനില്‍ ജക്കര്‍ രംഗത്തെത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നി പാര്‍ട്ടിക്ക് ബാധ്യതയാണ്. അദ്ദേഹമാണ് തോല്‍വിക്ക് കാരണക്കാരനായ വില്ലനെന്നും ജക്കര്‍ കുറ്റപ്പെടുത്തി. നവജ്യോത് സിംഗ് സിദ്ദുവും പാര്‍ട്ടിക്ക് ബാധ്യതയാണ്. ഹൈക്കമാന്‍ഡ് കരുതി ചന്നി വളരെ ദരിദ്രനായ വ്യക്തിയാണെന്ന്, അതോടൊപ്പം സത്യസന്ധമായ ഒരു പശ്ചാത്തലം അദ്ദേഹത്തിനുണ്ടെന്നും കരുതി. എന്നാല്‍ അഴിമതി നിറഞ്ഞ പ്രതിച്ഛായയാണ് ചന്നിക്കുള്ളതെന്നും ജക്കര്‍ കുറ്റപ്പെടുത്തി.
അതേസമയം കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നീക്കം രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. അതല്ലെങ്കില്‍ പുതിയൊരാളെ കൊണ്ടുവരേണ്ടി വരും. രാഹുല്‍ തിരിച്ചുവരില്ലെന്നാണ് ജി23 കരുതുന്നത്. പകരം യുവനേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. സച്ചിന്‍ പൈലറ്റിനെയാണ് അതിനായി മുന്നില്‍ കാണുന്നതെന്നും സൂചനയുണ്ട്. ഇതിനിടെ തോല്‍വിക്ക് നടപടിയെടുത്ത് തുടങ്ങിയിരിക്കുകയാണ് സോണിയ. അഞ്ച് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്‍മാരെ അവര്‍ സ്ഥാനത്ത് നിന്ന് നീക്കം. നവജ്യോത് സിംഗ് സിദ്ദു അടക്കം ഇതിലുണ്ട്.












Click it and Unblock the Notifications