കുഴിച്ചത് ചെമ്പിനായി... എത്തിയത് അനന്തമായ സ്വര്‍ണ ഖനിയിലേക്ക്; ലേലം വെക്കാനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ദിയോഗര്‍ ജില്ലയിലെ അഡാസ് രാംപള്ളി പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്വര്‍ണ നിക്ഷേപമുള്ള ഖനി കണ്ടെത്തി. ഖനി ലേലം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഒഡീഷ സര്‍ക്കാര്‍ ഒരു സ്വര്‍ണ്ണ ഖനി ലേലം ചെയ്യുന്നത് എന്ന് സംസ്ഥാന സ്റ്റീല്‍ ആന്‍ഡ് മൈന്‍സ് മന്ത്രി ബിഭൂതി ജെന നിയമസഭയില്‍ പറഞ്ഞു.
കോപ്പറിനായുള്ള പൊതുവായ പര്യവേക്ഷണത്തിനിടെയാണ് ഈ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. 1981-83 നും 1989-96 നും ഇടയില്‍ നടത്തിയ പ്രാഥമിക സര്‍വേയില്‍ കിയോഞ്ജര്‍ ജില്ലയിലെ ഗോപൗര്‍, ഗാസിപൂര്‍ പ്രദേശങ്ങളില്‍ സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2021-22 മുതല്‍ ജി എസ് ഐയും ഡയറക്ടറേറ്റ് ഓഫ് മൈന്‍സ് ആന്‍ഡ് ജിയോളജിയും ഇവിടെ സംയുക്തമായി പുനഃസര്‍വ്വേ നടത്തിയിരുന്നു.

ഗോപൗര്‍-ഗാജിപൂര്‍ മേഖലയിലെ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ഗുണനിലവാരവും അളവും കണക്കാക്കിയിട്ടില്ലാത്തതിനാല്‍, ഈ മിനറല്‍ ബ്ലോക്കിന്റെ കൂടുതല്‍ പര്യവേക്ഷണത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ല എന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ മൈനിംഗ് കോര്‍പ്പറേഷന്‍ (ഒ എം സി) കിയോഞ്ജര്‍ ജില്ലയിലെ മങ്കടചുവാന്‍, സലൈക്കാന, ദിമിരിമുണ്ട പ്രദേശങ്ങളിലെ സ്വര്‍ണ്ണ നിക്ഷേപ സര്‍വേ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മയൂര്‍ഭഞ്ച് ജില്ലയിലെ ജോഷിപൂര്‍, സുരിയാഗുഡ, റുവന്‍സില, ഇദെല്‍കുച്ച, മറേദിഹി, സുലൈപത് (ധുഷുര ഹില്‍) എന്നിവിടങ്ങളിലെ സ്വര്‍ണ്ണ ഖനികള്‍ കണ്ടെത്തുന്നതിനായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും (ഡി ഒ എ ംജി) പ്രാഥമിക സര്‍വേകളും നടക്കുന്നുണ്ട്. കൂടാതെ സുന്ദര്‍ഗഡ്, നബരംഗ്പൂര്‍, അംഗുല്‍, കോരാപുട്ട്, മല്‍ക്കന്‍ഗിരി, സംബല്‍പൂര്‍, ബൗധ് തുടങ്ങിയ ജില്ലകളില്‍ ചെറിയ സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് സൂചനയുണ്ട്.
എന്നാല്‍ ഈ പ്രദേശങ്ങളില്‍ ഇതുവരെ വിശദമായ സര്‍വേകള്‍ നടത്തിയിട്ടില്ലെന്നും ജെന കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഡാസ മേഖലയില്‍ ചെമ്പിനൊപ്പം 1,685 കിലോഗ്രാം സ്വര്‍ണ്ണ അയിര് ജിഎസ്‌ഐ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍, അയിരില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്ല എന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ 2023 ഫെബ്രുവരിയില്‍, ഡയറക്ടറേറ്റ് ഓഫ് മൈന്‍സും ജി എസ് ഐയും നടത്തിയ സര്‍വേയില്‍ ദിയോഗര്‍, കിയോഞ്ജര്‍, മയൂര്‍ഭഞ്ച് ജില്ലകളിലെ സ്വര്‍ണ ശേഖരം കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications