ജിഎസ്ടി കൗൺസിൽ യോഗം: അപൂർവ്വ രോഗങ്ങൾക്കും കാൻസർ മരുന്നുകൾക്കുമുള്ള നികുതി ഒഴിവാക്കി
ഡൽഹി: അപൂർവ്വ രോഗങ്ങൾക്കും കാൻസർ മരുന്നുകൾക്കുമുള്ള നികുതി ഒഴിവാക്കി. ഡൽഹിയിൽ ചേർന്ന 50-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഓൺലൈൻ ഗെയിമിങ്, കുതിരപന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജി എസ് ടി ഈടാക്കാനും യോഗത്തിൽ തീരുമാനമായി. ഗെയിമിംഗിന് കൂടുതൽ നികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ ഗോവ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിക്കുകയായിരുന്നു.
എഫ്ഐസിസിഐയെ പ്രതിനീധികരിക്കുന്ന മുൻനിര ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. '28 ശതമാനം ജി എസ് ടി ഈടാക്കുന്നത് വ്യവസായത്തിന് കനത്ത തിരിച്ചടിയാകും. ഇത്രയും ജി എസ് ടി ഏർപ്പെടുത്തിയാൽ വ്യവസായത്തിന് നിലനിന്ന് പോകുക പോലും എളുപ്പമാകില്ല', എൻഎ ഷാ അസോസിയേറ്റ്സ് പാട്ണർ ആയ പരാഗ് മെഹത പറഞ്ഞു.

അതേസമയം തീയറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ നികുതി കുറക്കാൻ തീരുമാനമായി. 5 ശതമാനം ജിഎസ്ടിയായിരിക്കും ഇനി ഈടാക്കുക. നേരത്തേ ഇത് 18 ശതമാനമായിരുന്നു ഇത്. യൂട്ടിലിറ്റി വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതും ജി എ സ് ടി കൗൺസിൽ തീരുമാനിച്ചു.
അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്.ഐ.യു) എന്നിവയ്ക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ അധികാരം നൽകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങൾ യോഗത്തിൽ എതിർപ്പ് അറിയിച്ചു. നടപടി ചെറുകിട വ്യവസായങ്ങളെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ കുറ്റപ്പെടുത്തി.ഡൽഹിയും പഞ്ചാബും കേന്ദ്ര നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിക്കുകയും ചർച്ച ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, കർണാടക, ഛത്തീസ്ഗഢ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ വിഷയം ഉന്നയിച്ചിരുന്നുവെന്ന് ഡസ്‍ഹി ധനമന്ത്രി അതിഷി മാധ്യമങ്ങളോട് പറഞ്ഞു.'ജിഎസ്ടി അടച്ചില്ലെങ്കിൽ ഏതെങ്കിലും വ്യവസായിയെ പിടികൂടാൻ ഇഡിക്ക് അധികാരം നൽകുന്നതാണ് വിജ്ഞാപനം.ഇത്തരം തീരുമാനത്തിലൂടെ രാജ്യത്ത് നികുതി ഭീകരത വർദ്ധിക്കും, ഇത് ചെറുകിട വ്യവസായങ്ങൾക്കും സാധാരണക്കാർക്കും വലിയ ഭീഷണിയാണ് അവർ പറഞ്ഞു.












Click it and Unblock the Notifications