ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവിൽ തീരുമാനമായില്ല; ജനുവരിയിലെ യോഗത്തിൽ പരിഗണിക്കും
ഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 55ാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ ഇൻഷൂറൻസ് പ്രീമിയങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ജനുവരിയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിഗണിക്കും. ഇൻഷുറൻസ് സംബന്ധിച്ച മന്ത്രിമാരുടെ (ജി ഒ എം) അധ്യക്ഷനായ ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ നിരക്കുകളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് കൂടുതൽ സമയവും ചർച്ചയും ആവശ്യമാണെന്ന് കൗൺസിൽ വിലയിരുത്തി.
ഗ്രൂപ്പ്, വ്യക്തിഗത, മുതിർന്ന പൗരന്മാരുടെ ഇൻഷുറൻസ് തുടങ്ങിയ വിവിധ തരത്തിലുള്ള ഇൻഷുറൻസുകളെ കുറിച്ച് കൗൺസിലിൽ ഒരു പുതിയ നിർദ്ദേശം അവതരിപ്പിക്കുന്നതിന് മുമ്പ് ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ജനുവരിയിൽ ജിഒഎമ്മിൻ്റെ അധിക യോഗം ചേരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിവിധ ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്കുകൾ ഒഴിവാക്കണോ കുറയ്ക്കണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ തീരുമാനം. മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ്, ടേം ലൈഫ് ഇൻഷുറൻസ് എന്നിവയിൽ ഇളവുകൾ അനുവദിക്കുന്നതും 5 ലക്ഷം രൂപ വരെ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് 5 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്ക് നിർദേശിക്കുന്നതും ജി എംഒ മുമ്പ് പരിഗണിച്ചിരുന്നു.
എന്നാൽ ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വരുമാന നഷ്ടത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനാൽ യോഗത്തിൽ സമവായത്തിലെത്തിയില്ല. അതേ സമയം ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വില്പന നടത്തുമ്പോൾ ജി എസ് ടി 18 ശതമാനമാഇ ഉർത്തും. '
നിലവനിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. വ്യക്തികൾ തമ്മിൽ വിൽക്കുന്ന പഴയ ഇവികൾക്ക് ജി എസ് ടി ഉണ്ടായിരിക്കില്ല.
ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളിലെ നികുതി നിരക്കുകൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതും ജി എസ് ടി കൗൺസിൽ മാറ്റിവെച്ചതായി മന്ത്രി പറഞ്ഞു. സ്വിഗി, സൊമാറ്റോ തുടങ്ങിയ പുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളിലെ നികുതി നിരക്കുകൾ സംബന്ധിച്ച തീരുമാനമാണ് മാറ്റി വെച്ചത്. ജീൻ തെറാപ്പിയെ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കി. കശുവണ്ടി കർഷകർ നേരിട്ട് ചെറുകിട വിൽപന നടത്തിയാൽ ജി എസ് ടി ഉണ്ടാവില്ല.












Click it and Unblock the Notifications