ജി.എസ്.ടി കൗൺസിൽ: ജിഎസ്ടി നിയമപ്രകാരം രണ്ട് കോടിവരെയുള്ള നികുതിവെട്ടിപ്പ് ഇനി ക്രിമിനൽ കുറ്റമല്ല
ന്യൂഡൽഹി: നിയമ ലംഘനങ്ങൾക്കു പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയർത്താൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. രണ്ട് കോടി വരെയുള്ള ജിഎസ്ടി ലംഘനങ്ങൾക്ക് ഇനിമുതൽ വിചാരണ ഉണ്ടാകില്ല.
മുമ്പ് ഇതിന്റെ പരിധി ഒരു കോടി ആയിരുന്നു. കോമ്പൗണ്ടിംഗ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏതാനും നിയമ ലംഘനങ്ങളെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.

പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങൾ നൽകാതിരിക്കുക എന്നിവയും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാൻ ജി.എസ്.ടി കൗൺസിൽ ശിപാർശ ചെയ്തു. എന്നാൽ വ്യാജ ബിൽ തയ്യാറാക്കുന്ന കുറ്റത്തിന് ഇളവ് ബാധകമല്ല. അതേസമയം, ഇളവുകൾ പ്രാബല്യത്തിലാകണമെങ്കിൽ പാർലമെൻറ് ജിഎസ്ടി നിയമം ഭേദഗതി ചെയ്യുകയും സംസ്ഥാനങ്ങൾ ജിഎസ്ടി നിയമത്തിൽ മാറ്റംവരുത്തുകയും വേണം.
പയർവർഗങ്ങളുടെ തൊലി, കത്തികൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് പൂർണമായും ഒഴിവാക്കി. എഥനോൾ ബ്ലെൻഡ് ചെയ്യുന്നതിനുള്ള ഈഥൈൽ ആൽക്കഹോളിന്റെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടി ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനമെടുക്കും.
പതിനഞ്ച് ഇന അജൻഡ ചർച്ച ചെയ്യാനാണ് ഇന്നു യോഗം ചേർന്നതെങ്കിലും സമയക്കുറവു മൂലം എല്ലാം പരിഗണിക്കാനായില്ലെന്ന് മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. എട്ടിനങ്ങൾ മാത്രമാണ് പരിഗണിച്ചത്. അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിക്കുക, പാൻമസാല നികുതി വെട്ടിപ്പു തടയുന്നതിനുള്ള നടപടികൾ തുടങ്ങിയവ പരിഗണിക്കാനായില്ല.
ഓൺലൈൻ ഗെയിമിങ്ങിനെ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്ന കാര്യം അജൻഡയിൽ ഉണ്ടായിരുന്നെങ്കിലും ചർച്ച ചെയ്തില്ല. എസ്യുവി കാറ്റഗറിയിൽ ഏതൊക്കെ വാഹനങ്ങൾ വരുമെന്നതിൽ യോഗം വ്യക്തത വരുത്തി. ഇതനുസരിച്ചായിരിക്കും നികുതി ഈടാക്കുക.
ധാന്യങ്ങളുടെ ഉമിക്ക് ഏർപ്പെടുത്തിയിരുന്ന അഞ്ചു ശതമാനം നികുതി ഒഴിവാക്കാൻ യോഗം തീരുമാനിച്ചു.
48-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒരു ഉൽപ്പന്നത്തിന്റെയും നികുതി വർധിപ്പിച്ചില്ല. സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി ജിഎസ്ടി കൗൺസിൽ ഇന്ന് പരിഗണിക്കുമെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും നികുതി കൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതി വർധന അടുത്ത യോഗത്തിൽ പരിഗണിച്ചേക്കുമെന്നും മന്ത്രി സൂചന നൽകി.
ഇപ്പോൾ 50 മുതൽ 150% എന്നത് 25 മുതൽ 100% ആക്കി മാറ്റി. ഓൺലൈൻ ഗെയിമിംഗിലെ നികുതിയെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നില്ല.












Click it and Unblock the Notifications