ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; എഐസിസി സെക്രട്ടറി ബിജെപിയില്‍
ന്യൂദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. എ ഐ സി സി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ഓവര്‍സീസ് ചുമതലക്കാരനുമായ ഹിമാന്‍ഷു വ്യാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയിലെ തന്റെ ചുമതലയും അംഗത്വവും രാജി വെക്കുകയാണ് എന്ന് ഹിമാന്‍ഷു വ്യാസ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഹിമാന്‍ഷു വ്യാസ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഞാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനവും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതലയും രാജി വെക്കുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജി വെക്കുന്നു, എന്നാണ് രാജിക്കത്തില്‍ ഹിമാന്‍ഷു വ്യാസ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഹിമാന്‍ഷു വ്യാസ് ബി ജെ പിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ നിന്നുള്ള നേതാവാണ് ഹിമാന്‍ഷു വ്യാസ്. ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഉടനെയാണ് ഹിമാന്‍ഷു പാര്‍ട്ടി വിടുന്നത് എന്നതും ശ്രദ്ധേയമായി.

വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണ് എന്നാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിന് അയച്ച രാജിക്കത്തില്‍ ജയനാരായണന്‍ വ്യാസ് പറഞ്ഞത്. പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന സൂചനയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ നല്‍കി.

സംസ്ഥാനത്ത് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ബി ജെ പിയെ സഹായിച്ച വ്യാസിനെ ആ പാര്‍ട്ടി അവഗണിക്കുകയാണ്. അദ്ദേഹം അടുത്തിടെ സോണിയാജിയെ കണ്ടിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്നാണ് ജഗദീഷ് താക്കൂര്‍ പറഞ്ഞത്.

അതിനിടെ ഡിസംബര്‍ 1, 5 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള 43 അംഗ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രതിനിധീകരിക്കുന്ന ഘട്ലോഡിയ മണ്ഡലത്തില്‍ നിന്ന് രാജ്യസഭാ എം പിയായ അമി യാഗ്‌നിക്കാണ് മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 43 സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. ദഹോദ് ജില്ലയിലെ ജലോദില്‍ കോണ്‍ഗ്രസിന്റെ ഭവേഷ്ഭായ് കത്താരയാണ് സിറ്റിംഗ് എം എല്‍ എ. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാതെ മിതേഷ് ഗരാസിയക്ക് ടിക്കറ്റ് നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications