കുതന്ത്രം തിരിച്ചടിച്ച് തുടങ്ങി; ബിജെപിയിലെ വിമതനീക്കം ആയുധമാക്കാന്‍ കോണ്‍ഗ്രസ്
അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച വിമത നീക്കം നടത്തുന്ന ബി ജെ പി നേതാക്കളുടെ നീക്കം നേട്ടമാക്കാന്‍ കോണ്‍ഗ്രസ്. ബി ജെ പി പോലെ സുതാര്യത ഇല്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്ന് ഇത്തരം ശബ്ദങ്ങള്‍ പുറത്ത് വരുന്നത് ആശ്ചര്യപ്പെടുത്തുന്നതാണ് എന്നും എന്നാല്‍ ഇത് പ്രതീക്ഷിച്ചതാണ് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ പറഞ്ഞു.
അതേസമയം ബി ജെ പിയിലെ ഈ ബഹളത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ സന്തോഷവുമുണ്ട്. 27 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി ജെ പിയുടെ ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് എന്നും അതിന്റെ ഉത്തമോദാഹരണമാണ് സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ നിലവിലെ എം എല്‍ എമാര്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

പൊതുവെ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി വിടുകയും വിമതരായി മത്സരിക്കുകയും ചെയ്യുന്ന പ്രവണത കോണ്‍ഗ്രസില്‍ അടുത്ത കാലത്തായി കൂടുതലാണെങ്കിലും ബി ജെ പിക്ക് വളരെ സ്വാധീനമുള്ള സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി നിസാരമായി കാണാനാവില്ല. ഗുജറാത്ത് ബി ജെ പിയിലെ ആഴത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഇത് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

പ്രതിപക്ഷ പാര്‍ട്ടിയുടെ എം എല്‍ എമാരെ വേട്ടയാടുകയും സ്വന്തം സ്ഥാനാര്‍ഥികളായി നാമനിര്‍ദേശം ചെയ്യുകയും ചെയ്യുന്ന ബി ജെ പി നേതൃത്വത്തിന്റെ പ്രവണത പ്രാദേശിക ബി ജെ പി നേതാക്കളുടെ അതൃപ്തി വര്‍ധിപ്പിച്ചതായാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഗുജറാത്തിലെ ബി ജെ പി നേതാക്കളുടെ അഭൂതപൂര്‍വമായ പരസ്യ കലാപം അപൂര്‍വമായ ഒരു കാഴ്ചയാണ് എന്ന് ശക്തിസിന്‍ഹ് ഗോഹില്‍ പറഞ്ഞു.

എന്നാല്‍ ഇത് ഒരിക്കലും അപ്രതീക്ഷിതമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴയുകയും കൂറുമാറിയെത്തിയവരെ പരിഗണിക്കുകയും ചെയ്യുന്ന ബി ജെ പിയുടെ തന്ത്രം തിരിച്ചടിച്ച് തുടങ്ങി എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇതടക്കം നിരവധി സംഭവങ്ങള്‍ ബി ജെ പിക്കെതിരെ പ്രചരണായുധമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഇത് കൂടാതെ മോര്‍ബി പാലം തകര്‍ച്ചയില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും അനുബന്ധ എസ് ഐ ടി രേഖകള്‍ തേടുകയും ചെയ്തു എന്ന വസ്തുതയും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഗുജറാത്തിന്റെ ഇന്നത്തെ അവസ്ഥ കടുത്ത കെടുകാര്യസ്ഥതയും കഴിവില്ലായ്മയും അഴിമതിയുമാണ്. മോര്‍ബി പാലം തകര്‍ച്ച ചൂണ്ടിക്കാട്ടുന്നത് കൊളോണിയലിസത്തിന്റെയും മുതലാളിത്തത്തിന്റെയും അധഃപതിച്ച രൂപമാണ്.

മോര്‍ബിയില്‍ സുരക്ഷ കണക്കിലെടുക്കാതെ ലാഭം കൊയ്യാന്‍ അനുമതി നല്‍കി. സംഭവത്തെക്കുറിച്ചുള്ള പ്രത്യേകാന്വേഷണ റിപ്പോര്‍ട്ട് എവിടെ? കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ വികസനം അങ്ങേയറ്റം പരാജയവും അഴിമതിയുമുള്ള മാതൃകയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ഷുല്‍ അവിജിത് പറഞ്ഞു.












Click it and Unblock the Notifications