കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജിഗ്നേഷ് മേവാനി; രാഹുല്‍ ഗാന്ധി 22ന് ഗുജറാത്തിലെത്തും
ന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രമുഖ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. വദ്ഗാം മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. 2017ല്‍ ഇതേ മണ്ഡലത്തില്‍ ജയിച്ച വ്യക്തിയാണ് അദ്ദേഹം. അന്ന് സ്വതന്ത്രനായിട്ടാണ് ജനവിധി തേടിയത്. കഴിഞ്ഞ വര്‍ഷം മേവാനി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കലും സ്വതന്ത്രനായി തുടരുകയായിരുന്നു.
എംഎല്‍എ കാലാവധി കഴിഞ്ഞ ശേഷമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം എടുത്തത്. അല്ലെങ്കില്‍ എംഎല്‍എ പദവി റദ്ദാക്കിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണിത്. ഞായറാഴ്ച സ്ഥാനാര്‍ഥികളുടെ രണ്ടു പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. ആദ്യം ആറു പേരുടെയും പിന്നീട് 33 പേരുടെയും. ഇതോടെ 142 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

രാഹുല്‍ ഗാന്ധി ഈ മാസം 22ന് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഹിമാചല്‍ പ്രദേശില്‍ അദ്ദേഹം പ്രചാരണം നടത്തിയിരുന്നില്ല. സഹോദരി പ്രിയങ്ക ഗാന്ധിയാണ് ഹിമാചലില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാലാണ് രാഹുല്‍ ഗാന്ധി ഹിമാചലില്‍ എത്താതിരുന്നത്.
എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും എത്തുന്നത്. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. ഏറെ കാലത്തിന് ശേഷം കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു അത്.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് അവധിയെടുത്താണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തുന്നത്. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. ഗുജറാത്തിലെയും ഹിമാചലിലെയും ഫലം ഒരുമിച്ച് ഡിസംബര്‍ എട്ടിനാണ് പ്രഖ്യാപിക്കുക. ഒരു കാലത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയാണ് അധികാരത്തില്‍.
അടുത്ത 15 ദിവസം ശക്തമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ഒരുങ്ങുന്നത്. മണ്ഡല അടിസ്ഥാനത്തില്‍ 25 പൊതുസമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. 125 റാലികളും സംഘടിപ്പിക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തും. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
മഹാസമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അശോക് ഗെഹ്ലോട്ട്, ഭൂപേഷ് സിങ് ബാഗേല്‍, മുന്‍ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടിയുടെ പിന്നാക്ക വിഭാഗ നേതാക്കള്‍ എന്നിവരെല്ലാം ഗുജറാത്തില്‍ പ്രചാരണത്തിനെത്തും. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പാര്‍ട്ടി കടക്കുകയാണെന്നു കോണ്‍ഗ്രസ് അറിയിച്ചു. ഇത്തവണ എഎപിയുടെ സാന്നിധ്യം ആര്‍ക്കാണ് ഗുണം ചെയ്യുക എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications