ബിജെപിയിലേക്കില്ലെന്ന് ഗുജറാത്ത് ആം ആദ്മി എംഎല്‍എ, പക്ഷെ ആപ്പിനൊപ്പവും ഇല്ല..? ആശയക്കുഴപ്പം
അഹമ്മദാബാദ്: ബി ജെ പിയില്‍ ചേരും എന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി എം എല്‍ എ ഭൂപത് ഭയാനിക്ക് മനംമാറ്റം. താന്‍ ബി ജെ പിയില്‍ ചേരുമെന്ന് പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ബി ജെ പിയെ പുറത്ത് നിന്നും പിന്തുണക്കും എന്നും ഭൂപത് ഭയാനി പറഞ്ഞു. കൂറുമാറ്റ നിയമം ബാധിക്കുമോ എന്ന ആശങ്കയില്‍ ഔപചാരികമായി ബി ജെ പിയില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നാണ് അറിയുന്നത്.
എന്നാല്‍ അദ്ദേഹം ഇന്താ ടുഡേയോട് പറഞ്ഞത് ഇപ്രകാരമാണ്, 'ഞാന്‍ ബി ജെ പിയില്‍ ചേരാന്‍ പോകുന്നില്ല. പൊതുജനങ്ങളോട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ ചോദിക്കും, എന്നിട്ട് തീരുമാനമെടുക്കും,' എന്നായിരുന്നു ഇന്ന് ഭൂപത് ഭയാനി പറഞ്ഞത്.

അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി ടിക്കറ്റില്‍ വിശ്വാദര്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ഭൂപത് ഭയാനി വിജയിച്ചത്. ജുനഗഡ് ജില്ലയിലാണ് വിശ്വാദര്‍ മണ്ഡലം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് 181 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിക്കാനായിരുന്നു.

13 ശതമാനത്തോളം വോട്ടും ആം ആദ്മിക്ക് സമാഹരിക്കാനായി. അതിനിടയില്‍ ആണ് എം എല്‍ എമാരില്‍ ഒരാള്‍ പാര്‍ട്ടി വിടും എന്ന ആശങ്ക ആ ആദ്മിയെ അലട്ടുന്നത്. അതേസമയം മറ്റ് എം എല്‍ എമാരും കൂറുമാറുമോ എന്ന ആശങ്ക ആം ആദ്മി പാര്‍ട്ടിക്കുണ്ട്. തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഏഴാം തവണയും അധികാരം നിലനിര്‍ത്തിയത്.

17 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് ആണ് രണ്ടാം സ്ഥാനത്ത്. പലയിടത്തും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തിയത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആയിരുന്നു. ഗുജറാത്തില്‍ വന്‍ ജയം നേടാനാവുമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനായി.

അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടി എന്ന ചരിത്രം കുറിച്ചാണ് ബി ജെ പി തുടര്‍ച്ചയാി ഏഴാം തവണയും അധികാരം പിടിച്ചത്. 1985 ല്‍ 149 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് ബി ജെ പി ഇത്തവണ പഴങ്കഥയാക്കിയത്.












Click it and Unblock the Notifications