ഗുജറാത്തില്‍ വമ്പന്‍ മാറ്റത്തിനായി ബിജെപി: സിറ്റിങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തേയും ഒഴിവാക്കിയേക്കും
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബി ജെ പി. വന്‍ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ചില മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നത് ഉൾപ്പെടെ തന്ത്രങ്ങളിലെക്ക് ബി ജെ പി കടക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന ചില സൂചനകൾ അനുസരിച്ച്, പാർട്ടിയുടെ 60 ഓളം എം എൽ എമാർക്ക് ടിക്കറ്റ് നൽകില്ല. മുതിർന്നവരെ മാറ്റി നിർത്തി പാർട്ടി പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിലേക്കുള്ള വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, എന്നാല്‍ മുതിർന്നവരെ പൂർണ്ണമായി തഴയില്ലെന്നും പാർട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വമ്പന്‍ റാലി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമസഭ തിരഞെടുപ്പിന്റെ പ്രചരണത്തിന് അനൌദ്യോഗിക തുടക്കം കുറിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ വന്‍ വിജയം നേടിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഗുജറാത്ത് നിലനിർത്താനുള്ള ശ്രമങ്ങള്‍ക്ക് ബി ജെ പി തുടക്കം കുറിച്ചിരിക്കുന്നത്.

ഗുജറാത്തിനെ സംബന്ധിച്ച പാർട്ടിക്ക് വലിയ ആശങ്കകള്‍ ഇല്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വർധനവ് മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നുമാണ് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പരമാവധി പുതുമുഖങ്ങളെ പരീക്ഷിച്ച് കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകള്‍ തിരികെ പിടിക്കാനാവും ശ്രമം. എ എ പി പുതുമുഖങ്ങളുടെ വലിയൊരു നിരയുമായി വരാനിരിക്കുന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തീരുമാനിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തന്നെയായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട. യോഗത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അതിന് സംസ്ഥാന ഘടകം തയ്യാറാകണമെന്നും സൂചിപ്പിച്ചിരുന്നു.

പലർക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവും എന്നിരുന്നാലും മാറ്റത്തിന് തയ്യാറാവേണ്ടത് അത്യാവശ്യമാണെന്നും മോദി സൂചിപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 60 കഴിഞ്ഞവരേയും മൂന്നും നാലും തവണ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരേയും സ്ഥാനാർത്ഥികളായി പരിഗണിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സി ആർ പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വലിയൊരു വിഭാഗം നേതാക്കള്‍ നിരാശരാവേണ്ടി വരും എന്നുള്ള കാര്യം ഉറപ്പാണ്.

അതേസമയം, പഞ്ചാബിലെ വന്‍ വിജയത്തിന് പിന്നാലെ ഗുജറത്ത് ലക്ഷ്യമാക്കി ആംആദ്മി പാർട്ടിയും വരുന്നു എന്നതാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഇതോടെ ബി ജെ പി- എ എ പി- കോണ്‍ഗ്രസ് ത്രികോണ മത്സരമായിരിക്കും ഗുജറാത്തില്‍ നടക്കുക. മികച്ച പ്രവർത്തനത്തിലൂടെ കോണ്‍ഗ്രസിനെ പിന്തുള്ളി സംസ്ഥാനത്ത് ബി ജെ പി - എ എ പി നേർക്കുനേർ പോരാട്ട സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അരവിന്ദ് കെജ്രിവാളും കൂട്ടരും നീങ്ങുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിലിൽ ഗുജറാത്തിൽ എ എ പി 'തിരംഗ യാത്ര' ആരംഭിക്കുന്നുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications