
സൗരാഷ്ട്രയിലെ ആധിപത്യം തിരിച്ച് പിടിച്ച് ബിജെപി; കോൺഗ്രസിനെ മുട്ട് കുത്തിച്ച് ആം ആദ്മി
ദില്ലി: സാരാഷ്ട്ര മേഖലയിലെ വിജയമായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിൽ നിർണായകമായത്. മേഖലയിൽ ആകെയുള്ള 48 സീറ്റുകളിൽ 28 സീറ്റുകളും നേടിയെടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ബി ജെ പി നേടിയതാകട്ടെ 19 സീറ്റുകളും. പട്ടേൽ പ്രക്ഷോഭത്തെ തുടർന്നുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു ബി ജെ പിക്ക് തിരിച്ചടിയായത്. എന്നാൽ ഇക്കുറി സൗരാഷ്ട്രയിലെ ആധിപത്യം തിരിച്ച് പിടിക്കാൻ ബി ജെ പിക്ക് സാധിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

സൗരാഷ്ട്ര മേഖലയിൽ ശക്തമായ സ്വാധീനമുള്ള പട്ടേൽ വിഭാഗം കഴിഞ്ഞ തവണ കോൺഗ്രസിനൊപ്പമായിരുന്നു നിലയുറച്ചത്. പട്ടേൽ പ്രക്ഷോഭങ്ങളുടെ മുഖമായ ഹർദിക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും കോൺഗ്രസിന് ഉണ്ടായിരുന്നു. അന്ന് കോൺഗ്രസ് സൗരാഷ്ട്രയിലെ ബി ജെ പി കോട്ടകളിൽ അടക്കം കടന്ന് കയറി. ചില മണ്ഡലങ്ങളിലാകട്ടെ പരാജയം രുചിച്ചത് 1000 ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു. കോൺഗ്രസ് ബഹുദൂരം മുന്നേറിയപ്പോൾ സൗരാഷ്ട്രയിലെ അമ്രേലി, മോർബി, ഗിർസോമനാഥ് എന്നീ ജില്ലകളിലെല്ലാം ബി ജെ പി പരാജയപ്പെട്ടു. ജുനഗഡ്, പോർബന്തർ ജില്ലകളിൽ ബി ജെ പിക്ക് ലഭിച്ചത് ഓരോ സീറ്റുകൾ വീതമായിരുന്നു.

എന്നാൽ ഇത്തവണ സൗരാഷ്ട്ര തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് തുടക്കം മുതൽ തന്നെ ബി ജെ പി നടത്തിയതിരുന്നത്. സൗരാഷ്ട്ര മാത്രം കേന്ദ്രീകരിച്ചായിരുന്നു ബി ജെ പിയുടെ പ്രചരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യക റാലികളും ബി ജെ പി മേഖലയിൽ നടത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിലെ കോൺഗ്രസ് എം എൽ എമാരെ പാർട്ടിയിൽ എത്തിക്കാനും ബി ജെ പിക്ക് സാധിച്ചു. കോൺഗ്രസ് വിജയത്തിൽ നിർണായകമായിരുന്ന ഹർദിക് പട്ടേലിനേയും ബി ജെ പി പാർട്ടിയിൽ എത്തിച്ചിരുന്നു. ഇതെല്ലാം ഇത്തവണ ബി ജെ പിക്ക് ഏറെ ഗുണം ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

സുരേന്ദ്രനഗർ, മോർബി, രാജ്കോട്ട് സൗത്ത്, ജമനാനഗർ, അമ്രേലി തുടങ്ങിയ സീറ്റുകളിലെല്ലാം ഇക്കുറി ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പല മണ്ഡലങ്ങളിലും ഇവിടെ ഏറെ പിന്നിലാണ്. മേഖലയിലെ ആം ആദ്മിയുടെ കടന്ന് വരവും കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആം ആദ്മിയും ഇവിടെ വലിയ പ്രചരണമായിരുന്നു നയിച്ചത്. പാർട്ടി തലവൻ അരവിന്ദ് കെജരിവാൾ ഏറ്റവും കൂടുതൽ റാലികൾ നടത്തിയതും സൗരാഷ്ട്ര മേഖലയിലായിരുന്നു. ഇതെല്ലാം ഒരു പരിധി വരെ ആം ആദ്മിയെ തുണച്ചിട്ടുണ്ട്. ആം ആദ്മി മുന്നേറുന്ന നാല് സീറ്റുകൾ സൗരാഷ്ട്ര മേഖലയിൽ ഉള്ളതാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; 'കൈയ്യൊടിച്ച്' ആപ്, 12 സീറ്റിൽ ലീഡ്

അതേസമയം എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെയെല്ലാം തള്ളിക്കൊണ്ടുള്ള റെക്കോഡ് വിജയത്തിലേക്ക് നീങ്ങുകയാണ് ഗുജറാത്തിൽ ബി ജെ പി. 140 ഓളം സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. 125 സീറ്റുകളെ വരെ നേടുമെന്ന പാർട്ടി പ്രതീക്ഷകളെ പോലും മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് ബി ജെ പി ഇപ്പോൾ കാഴ്ച വെച്ചിരിക്കുന്നത്. മോദി പ്രഭാവത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് കൂടിയാണ് ഗുജറാത്ത് ഫലം തെളിയിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; സൂറത്തിൽ 'ആപ്പ്' ഏറ്റില്ല; ബിജെപിയുടെ വൻ കുതിപ്പ്, 16 ൽ 14 ലും മുന്നിൽ