ഗുജറാത്ത് കലാപം, ബാബറി; കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു, 'കാലഹരണപ്പെട്ടു'
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികളില്‍ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. കാലഹരണപ്പെട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരു കേസ് ഒഴികെയുള്ള കേസുകളാണ് അവസാനിപ്പിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച നരോദ ഗാം കേസില്‍ വിചാരണ നടക്കുകയാണ്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തോട് കോടതി ആവശ്യപ്പെട്ടു.

ഒമ്പത് പ്രധാന കേസുകളുടെ അന്വേഷണത്തിന് വേണ്ടി സുപ്രീംകോടതി ഇടപെട്ടാണ് എസ്‌ഐടിയെ നിയോഗിച്ചത്. എല്ലാ കേസുകളിലും വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. നരോദ ഗാം കേസില്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വിചാരണ പൂര്‍ത്തിയായ കേസുകളില്‍ അപ്പീലുകള്‍ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരിഗണനയിലാണ്. നരോദാ ഗാം കേസില്‍ മാത്രമാണ് വാദം അന്തിമഘട്ടത്തിലെത്തിലുള്ളതെന്ന് മുതിര്‍ന്ന അഭിഭഷകന്‍ മുകുള്‍ റോത്തഗി അറിയിച്ചു. പല കേസുകളിലും നിരവധി ഹര്‍ജികളും ഉപ ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടതും ജഡ്ജിമാരെ സ്ഥലം മാറ്റിയതുമെല്ലാമാണ് വിചാരണാ നടപടികള്‍ വൈകിപ്പിച്ചത്.
2002 ഫെബ്രുവരി 28നാണ് നരോദയില്‍ 11 മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. 84 ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതില്‍ പ്രമുഖനായ ഫുലഭായ് വ്യാസിന് ഹരിദ്വാറില്‍ നടന്ന മത ചടങ്ങില്‍ പങ്കെടുക്കുന്നതിന് രണ്ടു മാസം മുമ്പ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ എതിര്‍പ്പ് അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഇളവ് നല്‍കിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ അന്തിമഘട്ടത്തിലുള്ള ഏക കേസാണിത്.
അതേസമയം, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഒരു കേസും ഇന്ന് അവസാനിപ്പിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെതിരായ കോടതിയലക്ഷ്യ കേസാണ് അവസാനിപ്പിച്ചത്. പരാതിക്കാരന്‍ മരിച്ച കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 2019ലെ അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങിനെതിരായ കേസ് കാലഹരണപ്പെട്ടതാണെന്ന് കോടതി വിലയിരുത്തി.
ബാബരി മസ്ജിദ് സംരക്ഷിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കിയതും ബാബരി മസ്ജിദ് തകര്‍ത്തതും കോടതിയലക്ഷ്യമാണ് എന്നായിരുന്നു പരാതി. 30 വര്‍ഷമായ സാഹചര്യവും കോടതി പരിഗണിച്ചു. പരാതിക്കാരനും മുന്‍ മുഖ്യമന്ത്രിയും മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ നടപടി ബാബരി മസ്ജിദുമായി ബന്ധപ്പെട്ട മറ്റു കേസുകളെ ബാധിക്കില്ല.












Click it and Unblock the Notifications